ആലപ്പുഴ: നാടക വേദികളിൽ നിറഞ്ഞു നിന്നത് സമകാലിക വിഷയങ്ങൾ. യു.പി വിഭാഗം നാടക മത്സരത്തിൽ ഏഴ് ടീമുകളാണ് മത്സരിച്ചത്.
പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ പ്രമേയമാക്കി നീർക്കുന്നം എസ്.ഡി.വി.ജി യു.പി സ്കൂൾ അവതരിപ്പിച്ച മഴയും വെയിലും എന്ന നാടകം യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ ഒഫ് ഡ്രാമയിൽ നിന്നു സംവിധാനം പഠിച്ചിറങ്ങിയ വണ്ടാനം സ്വദേശിനി മാളു അർ.ദാസായിരുന്നു സംവിധായിക. വിഷയവും അവതരണവും അഭിനയവും ഏറെ പ്രശംസ നേടി. മദ്യവും മയക്കുമരുന്നും ആൾ ദൈവങ്ങളും നരബലിയും രാഷ്ട്രീയ കൊലപാതകങ്ങളും എല്ലാം നാടക വിഷയങ്ങളായി. ചേർത്തല മതിലകം ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അവതരിപ്പിച്ച ചിത്രഗുപ്തന്റെ കണക്ക് പുസ്തകം എന്ന നാടകവും ശ്രദ്ധേയമായി. മഴയും വെയിലും എന്ന നാടകത്തിലൂടെ നീർക്കുന്നം എസ്.ഡി.വി ജി.യു സ്കൂളിലെ മൃദുല മുരളി യു.പി വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അസൂയക്കാരന്റെ കണ്ണ് എന്ന നാടകത്തിലെ പ്രകടനത്തിലൂടെ കായംകുളം പുതുപ്പള്ളി കെ.എൻ.എം ജി.യു.പി സ്കൂളിലെ നാരായൺ ലാൽ മികച്ച നടനായി.