bn
ആലപ്പുഴ: കൊവിഡ് കവർന്ന കലോത്സവദിനങ്ങൾ തിരികെവന്നപ്പോൾ തിരക്കോടു തിരക്കിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ.

ആലപ്പുഴ: കൊവിഡ് കവർന്ന കലോത്സവദിനങ്ങൾ തിരികെവന്നപ്പോൾ തിരക്കോടു തിരക്കിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ. നൃത്തയിനത്തിൽ പങ്കെടുക്കുന്ന ഒരു കുട്ടിയെ അണിയിച്ചൊരുക്കാൻ ചുരുങ്ങിയത് രണ്ട് മണിക്കൂറും മൂന്ന് ആർട്ടിസ്റ്റുകളും വേണം.

മുഖം, മുടി, വസ്ത്രം എന്നിവയ്ക്ക് വെവ്വേറെ ആളുകളെ നിയോഗിച്ചാണ് മേക്കപ്പ് കലാകാരന്മാർ ഗ്രീൻ റൂമിലെത്തുന്നത്. ഓരോ ഐറ്റത്തിനും വസ്ത്രത്തിൽ മാത്രമല്ല, മുടി കെട്ടുന്ന രീതിയിലും ആഭരണങ്ങളിലും വരെ മാറ്റമുണ്ട്. ഇത് മേക്കപ്പ് ആർട്ടിടിസ്റ്റുകൾ കൃത്യമായി മനസിലാക്കിയില്ലെങ്കിൽ മത്സരാർത്ഥിയുടെ പോയിന്റിനെ ബാധിക്കും. അതിനാൽ സഹായികൾക്ക് വിശദമായ ക്ലാസും പരിശീലനവും നൽകിയാണ് മുതിർന്ന മേക്കപ്പ് ആർടിസ്റ്റുകൾ കുട്ടികളെ ഒരുക്കാനെത്തുന്നത്.

കുട്ടികളുടെ എണ്ണം വർദ്ധിക്കുമ്പോൾ മേക്കപ്പ് കലാകാരന്മാരുടെ ജോലിയും നീളും. ശാസ്ത്രീയ നൃത്തകലകളിൽ ടെമ്പിൾ ആഭരണങ്ങളാണ് ധരിക്കേണ്ടത്. ഇവയ്ക്ക് വിപണിയിൽ 70,000 രൂപയോളം വിലവരുന്നതിനാൽ, മേക്കപ്പിനൊപ്പം ആഭരണങ്ങളും പാക്കേജായാണ് മത്സരാർത്ഥികൾ ബുക്ക് ചെയ്യുന്നത്.

ചെലവ് ഏറെയായതിനാൽ ഒന്നിലധികം ഇനങ്ങളിൽ പങ്കെടുക്കുന്നവർ വട്ടം ചുറ്റുകയാണ്. ഒരു ഐറ്റം അവതരിപ്പിക്കാൻ ചുരുങ്ങിയത് ഒന്നേകാൽ ലക്ഷം രൂപയോളം ചെലവാകും. പണമുള്ളനവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താൻ ബുദ്ധിമുട്ടുന്ന കുട്ടികളും രക്ഷിതാക്കളുമേറെ.

# ചെലവ് ഇരട്ടി

മേക്കപ്പിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുടേയും വില ഇരട്ടിയായെന്ന്, 22 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ സ്വദേശി ബിബൻ മാനുവൽ പറയുന്നു. വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ വർദ്ധിച്ചു. സ്റ്റേജിലെ പ്രകടനം മാത്രമല്ല, മേക്കപ്പും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. പട്ടുസാരിയുടെ വസ്ത്രവും ടെമ്പിൾ ജുവലറിയും ഉൾപ്പെടെ പരിഗണിച്ചാണ് വിധിനിർണയം.