d
നൃത്തയിനങ്ങൾ

ആലപ്പുഴ: റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം കാണികളുടെ എണ്ണം ശുഷ്കമായിരുന്നെങ്കിലും നൃത്തയിനങ്ങൾ ആരംഭിച്ച ഇന്നലെ സ്ഥിതി വ്യത്യസ്തമായിരുന്നു.

ഒപ്പന, കുച്ചിപ്പുടി, ഭരതനാട്യം വേദികളിൽ കാണികളുടെ നിറസാന്നിദ്ധ്യമായിരുന്നു. നാടകങ്ങൾ കാണാനും ആസ്വാദകർ കൂടുതലെത്തിയത് ശ്രദ്ധേയമായി. യു.പി വിഭാഗം കുച്ചിപ്പുടി നിലവാരം പുലർത്തിയെങ്കിലും നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മുടി പൂർണ്ണമായും പുറത്തു കാണാതെ വേണം കുച്ചിപ്പുടിക്ക് ഒരുങ്ങേണ്ടത്. എന്നാൽ യു.പി വിഭാഗത്തിൽ ആരും ഈ നിയമം പാലിച്ചില്ല. കലോത്സവ വേദികളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന ഗ്ലാമർ ഇനമായ സംഘനൃത്തം ഇന്ന് നടക്കും. പ്രധാന വേദിയായ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വൈകിട്ട് മൂന്നിനാണ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം. യു.പി വിഭാഗം സംഘനൃത്തം ജവഹർ ബാലഭവനിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും. മിമിക്രി രാവിലെ 9 മുതൽ സെന്റ് ആന്റണീസ് സ്കൂളിലും മോണോ ആക്ട് മുഹമ്മദൻസ് സ്കൂളിലും നടക്കും.