അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാമോഗ്രഫി പരിശോധന നിലച്ചിട്ട് മാസങ്ങളായതോടെ രോഗികൾ ദുരിതത്തിലായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധന രോഗികൾ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിൽ മാമോഗ്രഫി പരിശോധന മുടങ്ങിയിട്ട് ആറു മാസം പിന്നിട്ടിട്ടും പ്രവർത്തന സജ്ജമാക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
സ്ത്രീകളിൽ സ്തനാർബുദ നിർണയം നടത്തുന്നതിനാണ് മാമോഗ്രാഫി പരിശോധന നടത്തുന്നത്. ബി.പി.എൽ രോഗികൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് 750 രൂപ നിരക്കിലുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന ലഭ്യമാക്കിയിരുന്നത്. ഇതേ പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളിൽ 2500 രൂപ വരെ ഈടാക്കാറുണ്ട്.
ദിനംപ്രതി നിരവധി രോഗികളാണ് പരിശോധനക്കായി ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെത്തുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പടെ സ്വകാര്യസ്ഥാപനങ്ങളിൽ പോയി അമിത ഫീസ് നൽകി പരിശോധന നടത്തേണ്ട ഗതികേടിലാണ് ഇപ്പോൾ. 6 മാസക്കാലമായിട്ടും യന്ത്രത്തകരാർ പരിഹരിക്കാത്തത് സ്വകാര്യ പരിശോധന ലാബുകളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. എത്രയും പെട്ടെന്ന് യന്ത്രത്തകരാർ പരിഹരിച്ച് പരിശോധന പുനരാരംഭിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
മാമോഗ്രഫി
എക്സ്റേ ഉപയോഗിച്ചു നടത്തുന്ന ഒരു സ്തനരോഗനിർണ്ണയ അല്ലെകിൽ സ്തനരോഗ സാദ്ധ്യത പഠന പരിശോധനയാണ് മാമോഗ്രഫി. പരിശോധന രേഖയാണ് മാമോഗ്രാം. സ്തനങ്ങളിലെ മുഴയോ, തടിപ്പോ പലപ്പോഴും അർബുദ സൂചകങ്ങളാവാം. വളരെ ചെറിയ മുഴയും തുടിപ്പും എക്സ്റേ പരിശോധനയിൽ വ്യക്തമായി കണ്ടേക്കാം.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 6 മാസക്കാലമായിട്ടും തകരാറിലായ യന്ത്രം പ്രവർത്തനക്ഷമമാക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്. ഇതിനെതിരെ ജന പങ്കാളിത്തത്തോടെ വരുംദിവസങ്ങളിൽ സമരംനടത്തും
- നിസാർ വെള്ളാപ്പള്ളി, ഗാന്ധിയൻ ദർശന സമിതി, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ്