carmal
തകർന്നു കിടക്കുന്ന കാർമ്മൽ പള്ളി റോഡ്

മുഹമ്മ: കാൽനട യാത്രികരുടെ പോലും നടുവൊടിക്കും കാർമ്മൽ ജംഗ്‌ഷൻ മുതൽ മാവിൻചുവട് വരെയുള്ള റോഡ്. രണ്ടു വർഷമായി തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ജീവൻ പണയംവച്ചുള്ള സാഹസമാണ്. മഴ പെയ്‌താൽ കുഴിയേത് റോഡേതെന്ന് തിരിച്ചറിയാൻ കഴിയാത്തതോടെ ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവാണ്.

കാർമ്മൽ ജംഗ്ഷൻ പള്ളി റോഡിലെ മൂന്നു കലുങ്കുകളും തകർന്നു കിടക്കുകയാണ്. ഇവിടെയാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. പെയ്‌ത്തു വെള്ളം ഒഴുകിപോകാൻ സൗകര്യമില്ലാത്ത വിധത്തിലാണ് റോഡ് നിർമ്മിച്ചിരുന്നത്. അതാണ് റോഡ് തകരാനുള്ള പ്രധാന കാരണവും. തെക്കൻ പ്രദേശത്തുള്ളവർക്ക് മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്താൻ ഏറ്റവും എളുപ്പമാർഗമാണ് ഈ റോഡ്. എന്നാൽ ഈ റോഡിലൂടെ രോഗികളുമായി വാഹനത്തിൽ പോകുന്നത് ദുഷ്‌ക്കരമാണ്. മദർ തെരേസാ ഹൈസ്‌കൂൾ, കെ.ഇ.സെൻട്രൽ സ്‌കൂൾ, കോളേജ്, ഗവണ്മെന്റ് എൽ.പി.എസ് ,സൗത്ത് ഇന്ത്യൻ ബാങ്ക്, വിവിധ മതസ്ഥാപനങ്ങൾ ,പഞ്ചായത്ത് മൈതാനം എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ റോഡിന്റെ ഇരുവശവുമുണ്ട്. കൂടാതെ പഞ്ചായത്ത് മൈതാനം ഡ്രൈവിംഗ് ടെസ്‌റ്റ് കേന്ദ്രം കൂടിയാണ്. ഇവിടെയും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് എത്തിച്ചേരുന്നത്.

# അധികൃതർക്ക് അനക്കമില്ല
റോഡിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ല. സമീപ പഞ്ചായത്തുകളിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലുള്ളതാണ്. പഞ്ചായത്ത് റോഡുകളുടെ വികസന കാര്യത്തിൽ കടുത്ത അവഗണന പുലർത്തുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം


റോഡ് ഉയർന്ന നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനായി നാലു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നവീകരണ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാർ ജാഗ്രത പുലർത്തണം.

എൻ.ടി. റെജി

വൈസ് പ്രസിഡന്റ്

മുഹമ്മ പഞ്ചായത്ത്