ph
കൃഷ്ണപുരം മാമ്പ്രകന്നേൽ റെയിൽവേ ഗേറ്റ്

കായംകുളം: കൃഷ്ണപുരം മാമ്പ്രകന്നേൽ റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പായി ഏറ്റെടുത്ത സ്ഥലം കൈമാറി. മേൽപ്പാലത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുത്ത സ്ഥലങ്ങളുടെ രേഖകൾ ലാൻഡ് അക്വിസിഷൻ തഹസിൽദാർ നിർവഹണ ഏജൻസിയായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറി. 612 മീറ്റർ നീളത്തിൽ1.0769 ഹെക്ടർ സ്ഥലമാണ് നിർവഹണ ഏജൻസിക്ക് കൈമാറിയിട്ടുള്ളത്
രേഖകൾ പൂർണമായും ഹാജരാക്കിയ കേസുകളിൽ നഷ്ടപരിഹാര തുക ഭൂമി വിട്ടു നൽകിയവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. രേഖകൾ പൂർണമായും ഹാജരാക്കാത്ത കേസുകളിൽ അവാർഡ് തുക അഡീഷണൽ ഡിസ്ട്രിക്ക് ജഡ്ജ് ആൻഡ് സെഷൻസ് ജഡ്ജ് II മുമ്പാകെ കെട്ടിവെച്ചിട്ടുണ്ട്.10.12 കോടി രൂപയാണ് ഭൂമി, കെട്ടിടങ്ങൾ എന്നിവയ്ക്കായി നഷ്ടപരിഹാര ഇനത്തിൽ സർക്കാർ വിതരണം ചെയ്തത്.

കിഫ്ബിയിൽ നിന്നും 31.21 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. 505 മീറ്റർ നീളവും 10.20 മീറ്റർ വീതിയും ആണ് പാലത്തിനുള്ളത്. കൂടാതെ 1.5 മീറ്റർ വീതിയിൽ നടപ്പാതയും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡും ഉണ്ടാകും. പതിറ്റാണ്ടുകൾ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുന്നതു കാരണം വലിയ ഗതാഗതക്കുരുക്കായിരുന്നു പ്രധാന പ്രശ്നം. ഒരോ തവണ ഗേറ്റ് അടയ്ക്കുമ്പോഴും വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെട്ടിരുന്നത്. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ വലിയ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയിരുന്നു.

.....

# ഏറ്റെടുത്ത സ്ഥലം

കൈവശങ്ങളുടെ എണ്ണം.................. 37.

പൂർണമായും കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങൾ............ 4,

പുറമ്പോക്ക് കുടുംബങ്ങൾ.............. 5

...

''ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ നിർവ്വഹണ ഏജൻസിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

യു.പ്രതിഭ എം.എൽ.എ.