pampa-theeram
കാടുകയറിയും മാലിന്യങ്ങൾ അടിഞ്ഞും നശിക്കുന്ന മാന്നാർ മുല്ലശ്ശേരിക്കടവിനു സമീപം പമ്പയുടെ തീരം

മാന്നാർ: പമ്പാനദിയുടെ തീരപ്രദേശങ്ങൾ കാടുകയറിക്കിടക്കുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ മുല്ലശ്ശേരിക്കടവ് മുതൽ ബംഗ്ലാവിൽകടവ്, കൂര്യത്തു കടവിനു കിഴക്കു ഭാഗം വരെയുള്ള പമ്പാനദിയുടെ തീരമാണ് പാഴ്‌സസ്യങ്ങളും മുളംകാടുകളും വളർന്നു നിൽക്കുന്നത്. ഇതിനാൽ ഇവിടം ക്ഷുദ്രജീവികളുടെ വാസസ്ഥലമായി മാറി. കിഴക്കൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിവരുന്ന ഉഗ്രവിഷമുള്ള പാമ്പുകളും വനത്തിൽ അധിവസിച്ചിരുന്ന മറ്റു ജീവികളും ഇതിനുള്ളിൽ വാസം ആരംഭിച്ചതോടെ സമീപത്തെ വളർത്തു മൃഗങ്ങൾക്ക് വരെ ഭീഷണിയാണ്. കിഴക്കൻ മലവെള്ളപ്പാച്ചിൽ തടയുന്നതിന് വേണ്ടി മൂന്നു പുലിമുട്ടുകളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. 1960- ലാണ് കുര്യത്ത് ചിറയുടെ സംരക്ഷണത്തിനായാണ് ഈ പുലിമുട്ടുകൾ സ്ഥാപിച്ചത്. കരിങ്കല്ലു കൊണ്ടു നിർമിച്ചിട്ടുള്ള പുലിമുട്ടുകളുള്ളതിനാൽ കിഴക്കൻപ്രദേശത്ത് നിന്നും ചെളിയുംമണ്ണും മാലിന്യങ്ങളുമെല്ലാം മുല്ലശ്ശേരിക്കടവ് മുതൽ പടിഞ്ഞാറോട്ടുള്ള തീരത്ത് അടിഞ്ഞുകൂടിയതോടെ ആഭാഗങ്ങളെല്ലാം കരയായി മാറുകയും ചെയ്തു. ചെളികൾ അടിഞ്ഞ് കൂടിയതോടെ 1995 -ൽ ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പൊതുജനങ്ങൾക്ക് വേണ്ടിയുള്ള കുളിക്കടവ് ഉപയോഗശൂന്യമായി മാറി. ഇതോടെ നദി നികന്നതോടെ പ്രദേശത്തെ മിക്ക കിണറുകളിലും വരൾച്ചയായി കഴിഞ്ഞാൽ ജലനിരപ്പ് ഗണ്യമായി കുറയുന്നു. ഇത് കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നു. തീരത്തെ കാടുകൾ വെട്ടിത്തെളിച്ച് കുളിക്കടവ് ഉപയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

...........

''ചെളിയടിഞ്ഞുകൂടി കരയായതോടുകൂടി ഉള്ളിലേക്ക് വലിഞ്ഞ പമ്പാനദിയുടെ ഭാഗങ്ങൾ ഡ്രഡ്ജ് ചെയ്തു നദിയായി രൂപാന്തരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിട്ടും,ഇതുവരെയും ഉണ്ടായില്ല. മേജർ ഇറിഗേഷനും പഞ്ചായത്ത് അധികാരികളും ഈ വിഷയത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണം.
കെ.എഫ് നൗഷാദ്, സെന്ററിൽ ഫോർ ലീഗൽ സർവീസ്

''കാടുകയറിക്കിടക്കുന്നത് മൂലം പമ്പാനദിയുടെ തീരത്തുള്ള റോഡിലൂടെയുള്ള ജന സഞ്ചാരം നിലച്ചതോടെ ഇവിടം സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറിയിരിക്കുന്നു. മുളംകാടിനുള്ളിലും പരിസരത്തും വിദ്യാർത്ഥികൾ വന്നുപോകുന്നതും പതിവാണ്.

രവി തൈച്ചിറ, മഹാത്മാ ജലോത്സവ സമിതി സെക്രട്ടറി