
അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് തെക്കേയറ്റത്ത് വീട്ടിൽ വസുമതിയാണ് (70) മരിച്ചത്.
2016 ൽ മഹീന്ദ്ര ഫിനാൻസിന്റെ ആലപ്പുഴ ശാഖയിൽ നിന്ന് 2.5 ലക്ഷം രൂപ വീട് നിർമ്മാണത്തിനായി വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരകെ അടച്ചു. മുതലും പലിശയും ചേർത്ത് 5 ലക്ഷം രൂപ കൂടി ഉടൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹീന്ദ്ര ജീവനക്കാർ ആഴ്ചകൾക്ക് മുമ്പ് വീട്ടിലെത്തിയിരുന്നു. തുടർന്ന് വസുമതി മാനസികമായി ഏറെ വിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏതാനും ദിവസം മുമ്പ് വീണ്ടും വീട്ടിലെത്തിയ ബാങ്ക് ജീവനക്കാർ, ഉടൻ പണം അടച്ചില്ലങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്റും മകന്റെയും മരുമകളുടെയും പേരിലുള്ള 3 സെന്റും ഉൾപ്പടെ അഞ്ചേകാൽ സെന്റും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി. പിന്നീട് പലപ്പോഴായി ആറ് തവണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ബന്ധുക്കൾ പറഞ്ഞു. ജീവനക്കാർ മടങ്ങിയതിനു പിന്നാലെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും മരണത്തിനു കീഴടങ്ങി. മുഖ്യമന്ത്രി ഉൾപ്പടെയുളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.