ആലപ്പുഴ: മത്സരാർത്ഥികളുടെ ബാഹുല്യം മൂലം നൃത്തയിനങ്ങൾ പൂർത്തിയാകാൻ വൈകി. ഒന്നാം വേദിയിൽ രാവിലെ 9 ന് ആരംഭിച്ച ഭരതനാട്യം മത്സരങ്ങൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ഇതോടെ രാവിലെ മുതൽ മേക്കപ്പ് ധരിച്ച് കാത്തിരുന്ന പല മത്സരാർത്ഥികളും ക്ഷീണിതരായി. ടോയ്‌ലറ്റിൽ പോകേണ്ടി വരുമെന്നതിനാൽ കുട്ടികൾ വെളളം പോലും കുടിക്കാതെയാണ് കാത്തിരുന്നത്. സന്ധ്യയോടെ പലരും അവശരായി. ഭരതനാട്യം നീണ്ടു പോയതിനാൽ വൈകിട്ട് 4ന് ആരംഭിക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി വിഭാഗം നാടോടി നൃത്തം പാതിരാത്രിയോടെയാണ് ആരംഭിക്കാനായത്. ഇതോടെ നാടോടി നൃത്തം കാണാൻ എത്തിയ പലരും നിരാശരായി മടങ്ങി.