ആലപ്പുഴ: ഹയർ സെക്കൻഡറി വിഭാഗം നാടോടി നൃത്തം ആരംഭിക്കാൻ വൈകിയതോടെ മത്സരാർത്ഥികൾ പലരും വേദി ഉപേക്ഷിച്ച് മടങ്ങി. ചൊവാഴ്ച വൈകിട്ട് 4ന് ഒന്നാം വേദിയിൽ നിശ്ചയിച്ചിരുന്ന മത്സരം ആരംഭിച്ചത് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ്. മത്സരം ആരംഭിച്ചപ്പോൾ, മണിക്കൂറുകൾക്ക് മുമ്പ് മേക്കപ്പിട്ട് തയ്യാറെടുത്തു നിന്ന പല മത്സരാർത്ഥികളും സ്ഥലം വിട്ടു. ആൺ കുട്ടികളാണ് പോയവരിലേറെയും. പുലർച്ചെ മൂന്ന് മണിയോടെയാണ് മത്സരം സമാപിച്ചത്.
# നിറയെ പരാതി
കൂടുതൽ വേദികൾ സജ്ജമാക്കാൻ സംഘാടകർ ശ്രമിക്കണമെന്നായിരുന്നു മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. നൃത്ത ഇനങ്ങൾക്ക് മേക്കപ്പ് ധരിച്ചാൽ പലപ്പോഴും വെള്ളം പോലും കുടിക്കാനാവില്ല. കഴിഞ്ഞ ദിവസങ്ങളിലെ മത്സരങ്ങളിൽ 12 മണിക്കൂറിലധികം ആഹാരം കഴിക്കാതെ കാത്തിരിക്കേണ്ടി വന്നതായി മത്സരാർത്ഥികൾ പറഞ്ഞു.