ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി റോഡ് നിർമ്മാണം മൂലം ചെറുകിട കച്ചവടക്കാരെ ദുരിതത്തിലാക്കരുതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് സർക്കാരിനോട് ആവശ്യപ്പെട്ടു. മങ്കൊമ്പ് തെക്കേക്കരയടക്കമുള്ള ചെറുകിട ടൗണുകളിൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണ ഘട്ടത്തിലാണ്. അപ്രോച്ച് റോഡിന്റെ ഇരുവശവും ഉയരത്തിൽ കരിങ്കൽ ഭിത്തി കെട്ടി ഉയർത്താനുള്ള ജോലി നടന്നു വരുന്നു. സ്ഥലത്തെ വ്യാപാരി-വ്യവസായികളുടെ അഭ്യർത്ഥന പ്രകാരം പ്രദേശങ്ങൾ സന്ദർശിച്ചപ്പോഴാണ് റോഡ് നിർമ്മാണം അവരുടെ ഉപജീവന മാർഗം തടയുന്ന രീതിലാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുട്ടനാട്ടിലെ ഇത്തരം ദു:സ്ഥിതി അനുഭവിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് ഒരു പരിഹാര മാർഗ്ഗം ഉണ്ടാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, കെ.എസ്.ടി.പി പ്രൊജക്ട് മാനേജർക്കും കത്ത് അയച്ചതായും ബി.ബാബുപ്രസാദ് പറഞ്ഞു.