ചേർത്തല:ശ്രീനാരായണ കോളേജ് മലയാളവിഭാഗത്തിന്റെയും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ ചലച്ചിത്ര പ്രദർശനവും ടൂറിംഗ് ടാക്കീസ് വിളംബര ജാഥയ്ക്ക് സ്വീകരണവും ചലച്ചിത്ര പഠന ക്ലാസും ഇന്ന് നടക്കും. രാവിലെ 10 ന് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന പ്രദർശനം പ്രിൻസിപ്പൽ പ്രൊഫ.പി.എൻ.ഷാജി ഉദ്ഘാടനം ചെയ്യും. മലയാളവിഭാഗം മേധാവി അദ്ധ്യക്ഷൻ ടി.ആർ.രതീഷ് അദ്ധ്യക്ഷനാകും.കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി റീജിയണൽ കോ-ഓർഡിനേ​റ്റർ ഷാജി അമ്പാട്ട് ആമുഖ പ്രഭാഷണം നടത്തും.

ദേശിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ചലച്ചിത്ര നിരൂപകൻ,ഡോ.ബ്ലെയ്സ് ജോണി,മലയാള സിനിമയുടെ നാൾവഴികൾ' എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. പ്രിയാ പ്രിയദർശനൻ,ഡോ.വി.എസ്.ശ്രീജിത്ത്കുമാർ എന്നിവർ സംസാരിക്കും.

9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27-ാംമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചരണാർത്ഥമാണ് സഞ്ചരിക്കുന്ന സിനിമാ വണ്ടിയ്ക്ക് സ്വീകരണമൊരുക്കുന്നത്.മുൻ വർഷങ്ങളിൽ ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങളാണ് 'നല്ല സിനിമകൾ നാട്ടിൻപുറങ്ങളിലേക്ക്' എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ടൂറിംഗ് ടാക്കീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.11.30 ന് മുൻ
രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരവും നേടിയ ഈജിപ്ഷ്യൻ ചലച്ചിത്രം 'ക്ലാഷും '(അറബിക്) ഉച്ചയ്ക്ക് 1.30 ന് ദേശിയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ മലയാള ചലച്ചിത്രം 'തിങ്കളാഴ്ച നിശ്ചയ'വും പ്രദർശിപ്പിക്കും.