മാന്നാർ: അന്ധവിശ്വാസം കേരള നവോത്ഥാനത്തെ പിന്നോട്ടടിക്കുമെന്നും നരബലിയടക്കമുള്ള ആനുകാലിക സംഭവങ്ങൾ മൂല്യങ്ങളെ തകർക്കുമെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. മാവേലിക്കര യൂണിയൻ 2772-ാം നമ്പർ ഇരമത്തൂർ നോർത്ത് ശാഖ നിർമ്മിച്ച മഹാത്മ അയ്യങ്കാളിയുടെ പൂർണകായ പ്രതിമയും സ്മൃതി മണ്ഡപവും നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡന്റ് പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ മുഖ്യാതിഥിയായി. നീതു കരൺ ആചാര്യ സ്മരണ നിർവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല, ദേവീവിലാസം എൻ.എസ്.എസ്. കരയോഗം സെക്രട്ടറി ജനാർദ്ദനക്കുറുപ്പ്, ഗ്രാമപഞ്ചായത്തംഗം നിഷ സോജൻ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം പി.ജെ. സുജാത എന്നിവർ സംസാരിച്ചു. ദീർഘകാലം കെ.പി.എം.എസ് ശാഖാ ഭാരവാഹിത്വങ്ങൾ വഹിച്ച ചെല്ലപ്പൻ ഉഷസ്, മഹാത്മ അയ്യങ്കാളി പ്രതിമയുടെ ശില്പി മോഹൻകുമാർ (തമ്പി), മന്ദിര നിർമ്മാണ ശില്പി സന്തോഷ് കണ്ണമ്പള്ളിൽ, ശാഖ വൈസ് പ്രസിഡന്റ് ടി. സുകു എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. സജിത സുകു സ്വാഗതവും മേഘ പ്രബൂത്ത് നന്ദിയും പറഞ്ഞു.