ഹരിപ്പാട്: കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരന്റെ തല കലത്തിൽ കുടുങ്ങി. രക്ഷകരായത് ഫയർഫോഴ്സ് സംഘം.

പൊത്തപ്പള്ളി വടക്ക് മുരളിഭവനിൽ ദിലീപിന്റെ മകൻ ധ്യാൻ ദിലീപിന്റെ തലയിൽ കുടുങ്ങിയ അലൂമിനിയം കലം ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റ് സംഘമെത്തി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട്‌ 4.45 ഓടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കേ കലം തലയിൽ കമഴ്ത്തുകയായിരുന്നു. ഊരാനാവാതെ വന്നതോടെയാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്. അസി. സ്റ്റേഷൻ ഓഫീസർ പി. ജി. ദിലീപ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയ്സൺ പി.ജോൺ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ വിനീത് കലാധരൻ, എം. മനേഷ്, അർ. സന്തോഷ്‌, എസ്. ഉണ്ണിമോൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഡ്രൈവർ എ.എസ്.ശാലു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.