
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ച യുവാവിനെ ബംഗളൂരു പ്രത്യേക കോടതി അഞ്ച് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബംഗളൂരുവിലെ കച്ചർക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനെയാണ് (22) ബംഗളൂരു പ്രത്യേക കോടതി ശിക്ഷിച്ചത്.
സൈന്യത്തെ അപഹസിക്കുകയും ഭീകരാക്രമണത്തെ പുകഴ്ത്തുകയും ചെയ്യുന്ന 23 കമന്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വർഗീയ കലാപം ആളിക്കത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഫേസ് ബുക്കിൽ എല്ലാ വാർത്താ ചാനലുകളുടെയും പോസ്റ്റുകളിൽ പ്രതി പ്രതികരിച്ചു. പ്രതി നിരക്ഷരനായിരുന്നില്ല. സംഭവം നടക്കുമ്പോൾ പ്രതി എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു. ഒരു ഇന്ത്യക്കാരനല്ലാത്തത് പോലെയാണ് പ്രതി സൈനികരുടെ മരണം ആഘോഷിച്ചത്. പ്രതിയുടെ ചെയ്തി രാഷ്ട്രത്തിനെതിരായ നീക്കമാണെന്നും പ്രകടമായത് പ്രതിയുടെ ഹീനമായ സ്വഭാവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് 2019 ഫെബ്രുവരി 14ന് നടത്തിയ മനുഷ്യ ബോംബ് ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ഭടന്മാർ കൊല്ലപ്പെട്ടിരുന്നു.