
ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പിൻഗാമിയെക്കുറിച്ചുള്ള വിവരങ്ങൾ തേടാനാണ് രണ്ട് ചൈനീസ് ചാര വനിതകൾ നേപ്പാളി ബുദ്ധ സന്യാസി ചമഞ്ഞ് ഇന്ത്യയിൽ കഴിഞ്ഞതെന്ന് ഡൽഹി പൊലീസിന് വിവരം ലഭിച്ചു. ഒക്‌ടോബർ 21ന് ഡൽഹിയിലും 27ന് ഹിമാചൽ പ്രദേശിലുമാണ് രണ്ടുപേർ അറസ്റ്റിലായത്.
ഹിമാചൽ പ്രദേശിലെ ജോഗീന്ദർനഗറിൽ ഒരു ആശ്രമത്തിൽ താമസിച്ചിരുന്ന യുവതിയെ രഹസ്യവിവരത്തെത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നേപ്പാൾ പൗരത്വം വ്യാജമാണെന്ന് കണ്ടെത്തിയത്. 6.4 ലക്ഷം ഇന്ത്യൻ രൂപയും 1.10 ലക്ഷം നേപ്പാൾ രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തിരുന്നു. ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ നിന്നുള്ള കായ് റൂവോയാണ് (44) ഡൽഹി സർവകലാശാലാ നോർത്ത് കാമ്പസിന് സമീപമുള്ള ടിബറ്റൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് പിടിയിലായത്. ഡോൽമാ ലാമാ എന്ന പേരിലാണ് ഇവർ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. ഇന്ത്യയിലെ ദൗത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.