
ന്യൂഡൽഹി: ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകർച്ചയ്‌ക്ക് കാരണം ദൈവ നിശ്ചയമാണെന്ന വാദവുമായി അറ്റകുറ്റപ്പണി നടത്തിയ ഒറിവ കമ്പനി. കമ്പനി മാനേജർ ദീപക് പരേഖ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എം.ജെ. ഖാന് നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ദുരന്തത്തെ തുടർന്ന് ഞായറാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. ദൈവവിധിയാണ് ദുരന്തത്തിന് കാരണമെന്ന് ദീപക് പറഞ്ഞതായി മോർബി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് ദിലീപ് പറഞ്ഞു.
കുറ്റാരോപിതരായ കമ്പനിയിലെ ഒമ്പതുപേരാണ് പിടിയിലായത്. ഇവരിൽ രണ്ട് പേർ കമ്പനിയുടെ മാനേജർമാരാണ്. കസ്റ്റഡിയിലുള്ള അഞ്ച് പേർ സെക്യൂരിറ്റി ജീവനക്കാരാണ്. ഒറിവ കമ്പനിയുടെ മാനേജർമാരായ ദീപക് പരേഖ്, ദിനേശ് ദവെ, കരാർ ജോലി ചെയ്ത പ്രകാശ് പർമർ, ദേവാങ്ങ് പർമർ എന്നിവരെ മോർബി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എം.ജെ. ഖാൻ ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾക്കായി
കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് മോർബി, രാജ്കോട്ട് ബാർ അസോസിയേഷനുകൾ പ്രമേയം പാസാക്കിയിരുന്നു. കേബിളുകൾ തുരുമ്പിച്ചിരുന്നതായി ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് കോടതിയെ അറിയിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാർ ലഭിച്ച ഒറിവ കമ്പനിക്ക് അതിനുള്ള യോഗ്യതയില്ല. പാലത്തിന്റെ ഫ്ലോറിംഗിൽ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. കേബിളുകൾ മാറ്റിയില്ല. കേബിളുകളിൽ ഗ്രീസും ഇട്ടിരുന്നില്ല. പാലം ബലപ്പെടുത്തിയിരുന്നെങ്കിൽ അപകടമുണ്ടാകുമായിരുന്നില്ല. ബലപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള രേഖകളൊന്നും കമ്പനിയിലില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഒറിവ ഗ്രൂപ്പിന് നൽകിയത് 15 വർഷത്തെ കരാർ
അജന്ത ക്ലോക്കിന്റെ നിർമ്മാതാക്കളായ ഒറിവ ഗ്രൂപ്പിന് തൂക്കു പാലത്തിന്റെ 15 വർഷത്തെ പരിപാലന കരാറാണ് നൽകിയിരുന്നത്. കരാർ നൽകിയത് ടെൻഡറിലൂടെയല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പാലത്തിൽ കയറാൻ ഒരാളിൽ നിന്നും 15 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്. അതേസമയം അലൂമിനിയം ഷീറ്റുകൾ കൊണ്ട് പുതുക്കി പണിത പാലത്തിന്റെ ഫ്ലോറിന്റെ ഭാരം കാരണമാണ് പ്രധാന കേബിൾ പൊട്ടിയതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 23നാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയശേഷം പാലം തുറന്ന് കൊടുത്തത്. സർക്കാർ പരിശോധനകളൊന്നും പൂർത്തിയാക്കാതെയാണ് പാലം തുറന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഏഴ് മാസം അടച്ചിട്ട പാലം സംഭവം നടക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പാണ് ജനങ്ങൾക്കായി തുറന്നത്. പാലം തകർന്നതിനക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ അഞ്ചംഗസമിതിയെ നിയോഗിച്ചു.