petrol-price

ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ വിലക്കയറ്റം മുഖ്യചർച്ചാ വിഷയമാകുന്നതിനിടെ അഞ്ചു മാസത്തിന് ശേഷം വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. രണ്ടു രൂപ വരെ കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ. റഷ്യയുടെ യുക്രെയിൻ അധിനിവേശമടക്കമുള്ള പ്രതിസന്ധികളെ തുടർന്ന് പണപ്പെരുപ്പം കുതിച്ചതോടെ കഴിഞ്ഞ മേയിലാണ് എക്‌സൈസ് നികുതി പെട്രോളിന് ലിറ്ററിന് എട്ടും ഡീസലിന് ആറും രൂപ കുറച്ചത്.

എന്നാൽ പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കേന്ദ്രത്തിനും തലവേദയായിരിക്കുകയാണ്. ഇതിനിടെയിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹിമാചലിലും ഗുജറാത്തിലും ബി.ജെ.പി പ്രചാരണം നടത്തുന്നത്. എന്നാൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷത്തിന്റെ ആയുധം വിലക്കയറ്റമാണ്.

 വിൻഡ് ഫാൾ നികുതി കുറച്ചു

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 11,000 രൂപയിൽ നിന്ന് 9,500 രൂപയായി കുറച്ചു. അതേസമയം വിമാന ഇന്ധനത്തിന്റെ കയറ്റുമതിക്കുള്ള വിൻഡ് ഫാൾ ടാക്സ് ലിറ്ററിന് 3.50 രൂപയിൽ നിന്ന് 5 രൂപയായും ഡീസലിന് 12 രൂപയിൽ നിന്ന് 13 രൂപയായും വർദ്ധിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ ലാഭത്തിന്മേൽ ചുമത്തുന്ന നികുതിയാണിത്. ജൂലായ് ഒന്നുമുതൽ കേന്ദ്ര സർക്കാർ വിൻഡ്ഫാൾ നികുതി ഈടാക്കുന്നുണ്ട്.

ഓരോ രണ്ടാഴ്ചയിലും വിൻഡ് ഫാൾ നികുതി പുനഃപരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. സ്വകാര്യ റിഫൈനർമാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും നയാര എനർജിയുമാണ് ഡീസൽ, എ.ടി.എഫ് തുടങ്ങിയ ഇന്ധനങ്ങളുടെ പ്രാഥമിക കയറ്റുമതിക്കാർ.