photo

പ്രധാനമന്ത്രിയുടെ സ്വദേശമായതിനാൽ ഗുജറാത്ത് ബി.ജെ.പിക്ക് ഒരു വികാരമാണ്. രണ്ടുദശാബ്‌ദത്തിലേറെയായി അധികാരത്തിലിരിക്കുന്ന പാർട്ടിക്കു കിട്ടുന്നതും നഷ്‌ടപ്പെടുന്നതുമായ ഒാരോവോട്ടിനും ദേശീയ രാഷ്‌ട്രീയത്തിൽ അത്രയ്‌ക്കുണ്ട് പ്രാധാന്യം.

1996 മുതൽ ഒരു വർഷം ഒഴിച്ചുനിറുത്തിയാൽ 1995 മുതൽ കേശുഭായ് പട്ടേലിലൂടെ തുടങ്ങിയ അശ്വമേധമാണ് 2001മുതൽ നാലുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്‌തരും ഗുജറാത്തിൽ തുടരുന്നത്. നിർണായകമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വൻവിജയം നേടി അധികാരത്തുടർച്ച നേടിയെങ്കിലും 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഗുജറാത്തിൽ വൻ വിജയം ആഗ്രഹിക്കുന്ന മോദി ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരുക്കമല്ല.

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2017ലെ തിരഞ്ഞെടുപ്പിൽ 182ൽ 99 സീറ്റിൽ ജയിച്ച് അധികാരം നിലനിറുത്തിയെങ്കിലും കോൺഗ്രസ് 77 സീറ്റു നേടി നടത്തിയ മുന്നേറ്റം ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. ഇക്കുറി കോൺഗ്രസിനൊപ്പം ആംആദ്‌മി പാർട്ടിയും രംഗത്തു വന്നതോടെ ത്രികോണ പോരാട്ടമാണ്. കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനൊപ്പം ഹിന്ദുത്വ കാർഡിറക്കി ബി.ജെ.പിയുടെ മേഖലകളിലും ഭീഷണിയാകാനാണ് ആംആദ്‌മി പാർട്ടിയുടെ നീക്കം.

കരുതലോടെ മോദി

സ്വന്തം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലാതാക്കി അധികാരം നിലനിറുത്താനാണ് മോദി കഴിഞ്ഞവർഷം വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി അവരോധിച്ചത്. കൊവിഡ് പ്രതിരോധത്തിലടക്കം രൂപാണിയുടെ വീഴ്ചകൾ പരിഹരിക്കാനും പ്രബലരായ പാട്ടിദാർ വിഭാഗത്തെ അടുപ്പിച്ച് നിറുത്താനും ആ നീക്കം പ്രയോജനപ്പെട്ടു.

2014ൽ പ്രധാനമന്ത്രി പദവിയിലെത്തിയപ്പോൾ വിശ്വസ്തയായ ആനന്ദിബെൻ പട്ടേലിനെയാണ് അദ്ദേഹം പിൻഗാമിയാക്കിയത്. ആനന്ദിബെന്നിന്റെ ഭരണം ക്ളിക്ക് ആകാതിരുന്നപ്പോൾ, 2016ൽ വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കി. അതും ശരാശരി നിലവാരമേ പുലർത്തിയുള്ളൂ. അദ്ദേഹത്തിന്റെയും മകൻ ഋഷഭിന്റെയും ബിസിനസ് ഇടപാടുകൾ വിവാദമായി. കൊവിഡ് പ്രതിരോധം പാളിയതും സംസ്ഥാന ഘടകത്തിലെ ഒരുവിഭാഗം എതിരായതും രൂപാണിയുടെ മാറ്റം അനിവാര്യമാക്കി.

മുഖ്യമന്ത്രിമാർ തന്റെ വിശ്വസ്തരായിക്കണമെന്ന മാനദണ്ഡം മാത്രമാണ് മോദി ആദ്യ രണ്ടു മുഖ്യമന്ത്രിമാരുടെ കാര്യത്തിലും നടപ്പാക്കിയത്. ഗുജറാത്തിലെ വോട്ടർമാർ തന്നെമാത്രം വിശ്വസിച്ച് വോട്ടുചെയ്യില്ലെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് യോഗ്യത വേണമെന്നും മാറി ചിന്തിച്ചതിന്റെ ഫലംകൂടിയാണ് മാറ്റം.

പാട്ടിദാർ സമുദായം മുഖ്യം

ആറുകോടി വരുന്ന ഗുജറാത്ത് ജനസംഖ്യയിൽ ഒന്നരകോടിയെ പ്രതിനിധീകരിക്കുന്ന കർഷകരും ജന്മികളും വ്യവസായികളുമായ പാട്ടിദാർ സമുദായത്തിന് 182 അംഗ നിയമസഭയിലെ 70-80 സീറ്റുകളിലെ ഫലത്തെ സ്വാധീനിക്കാൻ കഴിയും. കോൺഗ്രസ് വോട്ടു ബാങ്കായിരുന്ന സമുദായത്തെ മോദിയാണ് ബി.ജെ.പിക്കൊപ്പം നിറുത്തിയത്. 2012ൽ മോദി നയിച്ച തിരഞ്ഞെടുപ്പിൽ ലഭിച്ച 115 സീറ്റ് നേട്ടം 2017 ൽ 99 ആയി കുറഞ്ഞത് പാട്ടിദാർ വോട്ടിലെ വിള്ളലാണെന്ന് ബി.ജെ.പി കരുതുന്നു. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഡ്‌വ വിഭാഗക്കാരനാണ്.

2017ൽ, കർഷക-പാട്ടിദാർ പ്രക്ഷോഭങ്ങൾ സൗരാഷ്ട്രയിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടിരുന്നു. പാട്ടിദാർ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടക്കം ബി.ജെ.പിക്ക് ഏറെ തലവേദനയായിരുന്നു പട്ടേൽ.

ഭരണവിരുദ്ധ വികാരവും പണപ്പെരുപ്പവും തൊഴിലില്ലായ്മുമടക്കം പ്രതിസന്ധികൾ മറികടന്ന് 120ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന സർവേ ഫലങ്ങൾ പാർട്ടിക്കും മോദിക്കും ആത്മവിശ്വാസം നൽകുന്നു. എന്നാൽ കഴിഞ്ഞ ദിവസം 135 പേരുടെ മരണത്തിനിടയാക്കിയ മോർബി ദുരന്തം എതിരാളികൾ ആയുധമാക്കാനിടയുണ്ട്.

ആംആദ്‌മിയുടെ വരവ്

2014ൽ വാരാണസിയിൽ തോൽവി ഉറപ്പായിട്ടും നരേന്ദ്രമോദിക്കെതിരെ മത്സരിച്ച് ശ്രദ്ധനേടിയ അരവിന്ദ് കേജ്‌രിവാളും ആംആദ്‌മി പാർട്ടിയും അതേ ആക്രമണോത്സുകതയാണ് ഗുജറാത്തിലും കാട്ടുന്നത്. തങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയുടെ ബി ടീം എന്ന് കോൺഗ്രസ് ആരോപിക്കുമ്പോഴും കറൻസി നോട്ടുകളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം പതിക്കണമെന്നതടക്കം അങ്ങേയറ്റം 'ഹിന്ദുത്വ നമ്പരുകൾ' ഇറക്കി വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാൻ കേജ്‌രിവാളിനും കൂട്ടർക്കും കഴിഞ്ഞിട്ടുണ്ട്. പഞ്ചാബിൽ അധികാരം പിടിച്ച ആംആദ്‌മിയെ നിസാരമായി കാണാൻ ബി.ജെ.പിയും തയ്യാറല്ല. ഡൽഹിയിലെ മദ്യനയത്തിന്റെ പേരിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും ഹാവാലാ ഇടപാടിന്റെ പേരിൽ മന്ത്രി സത്യേന്ദ്ര ജെയിനിനെയും നിയമക്കുരുക്കിലാക്കിയ കേന്ദ്ര നടപടിയിൽനിന്ന് അതുവ്യക്തം. ഗ്രാമങ്ങളിലടക്കം ആംആദ്‌മി പാർട്ടി വേരോട്ടമുണ്ടാക്കിയത് 2021ലെ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു.

ഖാർഗെയ്‌ക്ക് ആദ്യ വെല്ലുവിളി

ആഭ്യന്തര പ്രശ്‌നങ്ങൾക്ക് തത്‌ക്കാലം പരിഹാരമുണ്ടാക്കി മല്ലികാർജ്ജുന ഖാർഗെ എന്ന അനുഭവസ്‌ഥനായ അദ്ധ്യക്ഷന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് ഗുജറാത്തിലിറങ്ങുന്നത്. 1990ൽ ജനതാദളിനൊപ്പം മുന്നണി സർക്കാരിൽ പങ്കാളിയായതിന് ശേഷം ഗുജറാത്തിൽ പാർട്ടിക്ക് തലയുയർത്താൻ കഴിഞ്ഞിട്ടില്ല. പാട്ടിദാർ നേതാവ് ഹാർദിക് പട്ടേലിനെ ബി.ജെ.പി തട്ടിയെടുത്തത് വൻ തിരിച്ചടിയായി. മുൻമന്ത്രി നരേഷ് റാവൽ, മുൻ രാജ്യസഭാംഗം രാജു പർമർ തുടങ്ങിയ നേതാക്കളും ബി.ജെ.പിയിലെത്തി.

2017ലെ 77 സീറ്റുപോലും പാർട്ടിക്ക് ലഭിക്കില്ലെന്ന സർവേ ഫലങ്ങൾ ഖാർഗെയുടെ നേതൃത്വത്തിൽ വിയർപ്പൊഴുക്കേണ്ടി വരുമെന്ന സൂചന നൽകുന്നു. സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മികച്ച സ്‌ഥാനാർത്ഥികളെ ഇറക്കി ജഗദീഷ് താക്കൂറിന്റെ നേതൃത്വത്തിൽ ഭരണം പിടിക്കാനുറച്ചാണ് പാർട്ടി. തൊഴിലില്ലായ്മയും വികസനപ്രശ്‌നങ്ങളും അഴിമതിയും ഉയർത്തി പ്രചാരണം കൊഴുപ്പിക്കാൻ ഭാരത് ജോഡോ യാത്രയ്‌ക്ക് അവധി നൽകി രാഹുൽ ഗാന്ധിയുമെത്തും.