h

ന്യൂഡൽഹി:സംപ്രേഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി.

ചാനലിന്റെ ലൈസൻസ് പുതുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസർക്കാർ വാദത്തോട് സുപ്രീം കോടതി യോജിച്ചു. എന്നാൽ മുദ്രവച്ച കവറിൽ ഹാജരാക്കിയ ഫയലിൽ ചാനലിനെതിരായ ആരോപണങ്ങൾ അവ്യക്തമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഫയലിലെ നാല് പേജുകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതിന്റെ കാരണങ്ങൾ ചാനലിനെ അറിയിച്ചോ എന്ന് കോടതി ചോദിച്ചു. രാജ്യസുരക്ഷയുടെ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്താനാവില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. ന‌ടരാജ് കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുടെ ലംഘനം എന്താണെന്ന് ചാനൽ അറിയണമെന്നും ഉറവിടം വെളിപ്പെടുത്താതെ തന്നെ ആ വിവരങ്ങൾ അറിയിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. കോടതി നിർദ്ദേശ പ്രകാരം ഫയലിലെ നാല് പേജുകൾ പരിശോധിച്ച എ.എസ്.ജി തനിക്ക് അഭിപ്രായം പറയാനാവില്ലെന്ന് വ്യക്തമാക്കി.

ഫയൽ മീഡിയ വൺ അഭിഭാഷകർക്ക് കൈമാറുന്നതിനെ കേന്ദ്രം എതിർത്തതോടെയാണ് ജഡ്‌ജിമാർ മാത്രം ഫയൽ പരിശോധിച്ചത്. വിധി എഴുതാനായി ഫയൽ കേന്ദ്രത്തിൽ നിന്ന് കോടതി വാങ്ങി.