a

ന്യൂഡൽഹി: ജില്ലാതലത്തിൽ സ്‌കൂളുകളിലെ പഠനനിലവാരവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ സ്‌കൂൾ വിദ്യാഭ്യാസ പ്രകടന സൂചികയിൽ (പെർഫോമൻസ് ഗ്രേഡ് ഇൻഡക്‌സ്) കേരളം മുൻപന്തിയിൽ. ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചവർക്കുള്ള ലെവൽ ഒന്ന് വിഭാഗത്തിൽ ഒരു സംസ്ഥാനത്തിനും എത്താൻ കഴിഞ്ഞില്ല. എന്നാൽ, 2019-20 വർഷത്തെ അപേക്ഷിച്ച് നിരവധി സംസ്ഥാനങ്ങൾ പ്രകടനം മെച്ചപ്പെടുത്തി.

സ്‌കൂൾ വിദ്യാഭ്യാസ ഇൻഡക്‌സിന്റെ രണ്ടാം ലെവലിൽ കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ 1000ൽ 928 സ്‌കോറുമായി മുന്നിലെത്തി. ചണ്ഡിഗർ (927), ഗുജറാത്ത്, രാജസ്ഥാൻ (903), ആന്ധ്രാപ്രദേശ് (902) എന്നിവയും ലെവൽ രണ്ടിൽ സ്ഥാനം പിടിച്ചു. 1000-ൽ 901-950 സ്കോർ നേടിയവയാണ് ലെവൽ ഒന്നിലുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ (150ൽ135), നടപടിക്രമങ്ങൾ (360ൽ324), വിജ്ഞാന സമ്പാദനം (180ൽ154), പങ്കാളിത്തം (230ൽ218), വിദ്യാഭ്യാസത്തിനുള്ള അവസരം (80ൽ 79) തുടങ്ങിയ വിഭാഗങ്ങളിൽ മികവു കാണിച്ചാണ് കേരളം 928 പോയിന്റ് നേടിയത്.

2019-20ലും കേരളം (901) മുന്നിലായിരുന്നു. സംസ്ഥാനങ്ങൾ പൊതുവെ മോശം പ്രകടനം കാഴ്‌ചവച്ച 2017-18ൽ കേരളം (826) ലെവൽ നാലിൽ ആയിരുന്നു. കഴിഞ്ഞ തവണ കേരളത്തിനൊപ്പം നിന്ന തമിഴ്നാട് ഈ വർഷം പിന്നാക്കം പോയി. 669 സ്‌കോറുമായി അരുണാചൽ പ്രദേശാണ് ഏറ്റവും പിന്നിൽ.

''പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്തുന്ന എൽ.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരമാണ് പി.ജി.ഐ റിപ്പോർട്ടിലെ കേരളത്തിന്റെ ഒന്നാം സ്ഥാനം''.

-- മുഖ്യമന്ത്രി പിണറായി വിജയൻ

''നവകേരള നിർമ്മാണത്തിനായി കൊണ്ടുവന്ന മിഷനുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉണ്ടാക്കിയ സമാനതകളില്ലാത്ത മാറ്റത്തിന് ലഭിച്ച ദേശീയ അംഗീകാരമാണിത്''.

--മന്ത്രി വി. ശിവൻകുട്ടി