indranil-rajguru

ആംആദ്‌മിക്കെതിരെ ആരോപണവുമായി മുൻ നേതാവ്  ആം ആദ്മി- ബി ജെ പി ഒത്തുകളിയെന്നും ഇന്ദ്രാനിൽ രാജ്ഗുരു

ന്യൂഡൽഹി: ആംആദ്‌മിയുടെ ഗുജറാത്തിലെ പാർട്ടി ഓഫീസിലേക്ക് നോട്ടുകെട്ടുകൾ കൊണ്ടുവന്നുവെന്നും പഞ്ചാബ്, ഡൽഹി മുഖ്യമന്ത്രിമാർ വിമാന മാർഗ്ഗമാണ് പണം ഗുജറാത്തിൽ എത്തിച്ചതെന്നും ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് ഉറപ്പായതോടെ രാജിവച്ച് കോൺഗ്രസിലെത്തിയ ഇന്ദ്രാനിൽ രാജ്ഗുരു. വിമാനത്താവളങ്ങളിൽ ഒരു പരിശോധനയും ഉണ്ടായില്ല. ഇ.ഡിയും തിരഞ്ഞെടുപ്പ് കമ്മിഷനും മൗനം പാലിക്കുകയാണെന്നും ഗുജറാത്തിൽ എ.എ.പി- ബി ജെ പി ഒത്തുകളിയാണെന്നും ഇന്ദ്രാനിൽ പറഞ്ഞു.

ആംആദ്‌മി പാർട്ടിയിൽ വരുന്ന പണത്തിന്റെ സ്രോതസ് ചോദ്യം ചെയ്‌തു. ജനവഞ്ചന മനസ്സിലായതോടെ രാജിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആംആദ്‌മി പാർട്ടി ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന ഇന്ദ്രാനിൽ മുൻ എം.എൽ.എയുമാണ്.

പണത്തിന്റെ സ്രോതസിനെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിഗ് മാനോടും ചോദിച്ചിരുന്നു. തന്റെ ചോദ്യം കേട്ട് അവർ ആകാശത്ത് പറക്കുന്ന വിമാനം ചൂണ്ടിക്കാട്ടുകയാണുണ്ടായത്. ആം ആദ്മി ആളുകളെ വിഡ്ഢികളാക്കുന്ന പാർട്ടിയായതിനാലാണ് താൻ കോൺഗ്രസിലേക്ക് മടങ്ങിയത്.

15 പേർക്ക് ടിക്കറ്റും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവും ആവശ്യപ്പെട്ടെന്നും അതുകിട്ടാത്തു കൊണ്ടാണ് രാജിവച്ചതെന്നുമുള്ള ആരോപണങ്ങൾ രാജ്‌ഗുരു നിഷേധിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം മുൻകൂട്ടി നിശ്ചയിച്ചിരുന്നു. പാർട്ടി പട്ടിക ബി.ജെ.പി ആസ്ഥാനത്തു നിന്നാണ് വരുന്നത്. പാർട്ടിയിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് 5 സീറ്റിൽ താഴെ: കേജ്‌രിവാൾ

ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഞ്ചു സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ. ഗുജറാത്തിൽ കോൺഗ്രസ് ഒരു ശക്തിയേ അല്ല. അതിനാൽ തങ്ങൾ അവരെ ഒരു എതിരാളിയായി കാണുന്നില്ല. ഗുജറാത്തിൽ ബി.ജെ.പിക്ക് പിന്നിൽ ആംആദ്‌മി പാർട്ടി രണ്ടാമതാകും.

ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അല്ലെങ്കിൽ അവിടെ ആംആദ്‌മി പാർട്ടിക്ക് ഇടം കിട്ടില്ലായിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി 30 ശതമാനം വോട്ടു നേടും. എന്നാൽ, ബി.ജെ.പിക്ക് എത്ര സീറ്റുകിട്ടുമെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. അത് പിന്നീട് പറയാമെന്നായിരുന്നു ചോദ്യങ്ങൾക്ക് മറുപടി.