bjp

ഉപതി​രഞ്ഞെടുപ്പിൽ നാലിടത്ത് ബി​.ജെ.പി​ക്ക് ജയം

തിരഞ്ഞെടുപ്പ് നടന്നത് 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളിൽ

തെലങ്കാനയിൽ ടി.ആർ.എസും മഹാരാഷ്ട്രയിൽ ഉദ്ധവ്പക്ഷവും സീറ്റ് നിലനിറുത്തി

ന്യൂഡൽഹി​: ഉത്തർപ്രദേശ്, ബീഹാർ, തെലങ്കാന, മഹാരാഷ്‌ട്ര, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളി​ലെ ഏഴ് നി​യമസഭാ മണ്ഡലങ്ങളി​ൽ നടന്ന ഉപതി​രഞ്ഞെടുപ്പി​ൽ പ്രാദേശി​ക വെല്ലുവി​ളി​കൾ മറി​കടന്ന് ബി​.ജെ.പി​ നാലി​ടത്ത് ജയി​ച്ചു. ബി.ജെ.പി 'ഒാപ്പറേഷൻ സൗത്ത്' നടപ്പാക്കുന്ന തെലങ്കാനയി​ൽ കനത്ത വെല്ലുവിളി അതിജീവിച്ച് ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്രീയ സമിതി സീറ്റ് നിലനിറുത്തി. മഹാരാഷ്‌ട്രയിൽ അധികാരം നഷ്‌ടപ്പെട്ട ശിവസേനാ ഉദ്ധവ് പക്ഷത്തിന് അന്ധേരി ഈസ്റ്റ് മണ്ഡലം നിലനിറുത്താനായത് ആശ്വാസമായി. സംസ്ഥാന സർക്കാരുകളെ ബാധിക്കുന്നതല്ലെങ്കിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി പ്രതിപക്ഷവും ബി.ജെ.പിയും തമ്മിലുള്ള കൊമ്പുകോർക്കലായി വിശേഷിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പുകളാണിവ.

ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ലഭിച്ച വിജയം ബി.ജെ.പിക്ക് ആവേശം നൽകുന്നതായി.

ബി.ജെ.പി ജയം: ഗോലാ ഗോക്കരാനാഥ്(യു.പി), ആദംപൂർ (ഹരിയാന), ഗോപാൽഗഞ്ച് (ബീഹാർ), ധംനഗർ (ഒഡിഷ)

ഗോലാഗോക്കര നാഥ് (യു.പി): തിരഞ്ഞെടുപ്പ് ബി.ജെ.പി എം.എൽ.എ അരവിന്ദ് ഗിരിയുടെ മരണത്തെ തുടർന്ന്. അരവിന്ദ് ഗിരിയുടെ മകൻ അമൻ ഗിരി 34,298 വോട്ടിന് വിനയ് തിവാരിയെ (സമാജ്‌വാദി പാർട്ടി) പരാജയപ്പെടുത്തി.

ആദംപൂർ (ഹരിയാന): കോൺഗ്രസ് വിട്ടു വന്ന കുൽദീപ് ബിഷ്ണോയ് രാജിവച്ച സീറ്റ്. അദ്ദേഹത്തിന്റെ മകൻ ഭവ്യ ബിഷ്ണോയ് 15,740 വോട്ടുകൾക്ക് ജയ്പ്രകാശിനെ (കോൺഗ്രസ്) തോൽപ്പിച്ചു. 68 വർഷമായി കോൺഗ്രസ് കോട്ട. കുൽദീപിന്റെ പിതാവും മുൻമുഖ്യമന്ത്രിയുമായ ഭജൻലാലിന്റെ മണ്ഡലം.

ധംനഗർ (ഒഡിഷ) : സൂര്യബൻഷി സുരാജ് 9,881 വോട്ടുകൾക്ക് ഭരണകക്ഷിയായ ബി.ജെ.ഡിയുടെ അബന്തി ദാസിനെ തോൽപ്പിച്ച് സീറ്റ് നിലനിറുത്തി.

ഗോപാൽഗഞ്ച് (ബീഹാർ): സുബാസ് സിംഗ് മരിച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ കുസുംദേവി 1,794 വോട്ടിന് ആർ.ജെ.ഡിയുടെ മോഹൻ പ്രസാദ് ഗുപ്തയെ പരാജയപ്പെടുത്തി (രണ്ടു ദശകമായി ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ്)

മൊക്കാമ (ബീഹാർ): ജെ.ഡി.യു എൻ.ഡി.എ വിട്ടു വന്ന ശേഷം നടക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയിൽ ബിഹാറിലെ രണ്ടു മണ്ഡലങ്ങളിലും പോരാട്ടം ശ്രദ്ധയാകർഷിച്ചിരുന്നു. മൊക്കാമയിൽ 16,741 വോട്ടിന് ബി.ജെ.പിയുടെ സോനം ദേവിയെ തോൽപ്പിച്ച് ജെ.ഡി.യു സഖ്യകക്ഷിയായ ആർ.ജെ.ഡിയുടെ നീലം ദേവി സീറ്റ് നിലനിറുത്തി.

തോക്ക് കൈവശം വച്ച കേസിൽ ആർ.ജെ.ഡി എം.എൽ.എ അനന്ത് സിംഗ് അയോഗ്യനായതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ നീലത്തിലൂടെയാണ് പാർട്ടി സീറ്റ് നിലനിറുത്തിയത്.

മുനുഗോഡ (തെലങ്കാന): ബി.ജെ.പി-ടി.ആർ.എസ് അഭിമാന പോരാട്ടം നടന്ന മണ്ഡലം. ലീഡ് കയറിയിറങ്ങിയ സസ്‌പെൻസിനൊടുവിൽ ടി.ആർ.എസിന്റെ കൂസുകൂന്തള പ്രഭാകർ റെഡ്‌ഡി 10,309 വോട്ടിന് ബി.ജെ.പിയുടെ കോമതി റെഡ്ഡി രാജഗോപാൽ റെഡ്ഡിയെ പരാജയപ്പെടുത്തി.

അന്ധേരി ഈസ്റ്റ് (മഹാരാഷ്‌ട്ര): അധികാരം നഷ്‌ടപ്പെടുകയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിളർന്നകലുകയും ചെയ്‌ത ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗത്തിന് അഭിമാന വിജയം. ശിവസേന എം.എൽ.എ രമേശ് ലത്‌കെ മരിച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ വിധവ രുത്തുജ രത്കയെൊണ് ഉദ്ധവ് വിഭാഗം ഇറക്കിയത്. മരിച്ച നേതാവിനോടുള്ള ആദരവിൽ പ്രമുഖ പാർട്ടികൾ മത്സരിച്ചിരുന്നില്ല.

കോൺഗ്രസ്-എൻ.സി.പി പിന്തുണയോടെ 64,959 വോട്ടിന്റെ വൻ മാർജിനിൽ രുത്തുജ ജയിച്ചു. ആപ്‌കി അപ്‌നി പാർട്ടി, റൈറ്റ് ടു റീകോൾ പാർട്ടികളെയും നാല് സ്വതന്ത്രരെയും മറികടന്ന് നോട്ട 12,806 വോട്ടുകൾ (14.79ശതമാനം) വോട്ടു നേടി രണ്ടാമതായി. മറ്റാർക്കും 10,000 മുകളിൽ വോട്ടില്ല.