
ന്യൂഡൽഹി: പാർട്ടി അജൻഡയായ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന മുഖ്യപ്രഖ്യാപനം അടക്കം വാഗ്‌ദാനങ്ങളുമായി ഹിമാചൽ പ്രദേശിൽ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി സങ്കൽപ്പ പത്രം എന്ന പേരിൽ 11 പ്രധാന വാഗ്‌ദാനങ്ങൾ അടങ്ങിയ നൽകിയ പ്രകടന പത്രിക ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് പുറത്തിറക്കിയത്.
ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഏക സിവിൽ കോഡിനായി വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കുമെന്നും അവർ നൽകുന്ന റിപ്പോർട്ടിനെ ആധാരമാക്കിയാകും അതു നടപ്പാക്കുകയെന്നും ജെ.പി. നദ്ദ പറഞ്ഞു. ഘട്ടംഘട്ടമായി സംസ്ഥാനങ്ങളിലും തുടർന്ന് ദേശീയ തലത്തിലും ഏകസിവിൽ കോഡ് നടപ്പാക്കുകയാണ് ലക്ഷ്യം.വഖഫ് ബോർഡ് സ്വത്തുക്കൾ ദുർവിനിയോഗം ചെയ്യുന്നത് തടയാൻ സർവെ നടത്തുമെന്നും ജെ.പി. നദ്ദ അറിയിച്ചു.
മറ്റ് വാഗ്‌ദാനങ്ങൾ:
സ്‌ത്രീ ശാക്‌തീകരണം: സ്‌ത്രീകൾക്ക് സർക്കാർ ജോലികളിൽ 33 ശതമാനം സംവരണം. പെൺകുട്ടികൾക്കുള്ള വിവാഹ സഹായം 11,000 രൂപയിൽ നിന്ന് 51,000 രൂപയായി വർദ്ധിപ്പിക്കും, ഗർഭിണികൾക്കുള്ള സഹായവും കൂട്ടും. 6-12 പ്രായത്തിലുള്ള പെൺകുട്ടികൾക്ക് സൗജന്യ സൈക്കിൾ, വനിതാ സംരംഭകർക്ക് പലിശ രഹിത വായ്‌പ. പാവപ്പെട്ട സ്‌ത്രീകൾക്ക് 3 സൗജന്യ എൽ.പി.ജി സിലിണ്ടർ, അടൽ പെൻഷൻ പദ്ധതിയിൽ അംഗത്വം, 5000 പെൺകുട്ടികൾക്ക് മാസം 2500 രൂപ വീതം സ്‌കോളർപ്പിഷ്, വനിതകൾക്ക് കാലിത്തീറ്റ പ്രൊസസിംഗ് യൂണിറ്റ്
സർക്കാർ ജോലി അടക്കം 8ലക്ഷം തൊഴിൽ
ടൂറിസം മേഖലയ്‌ക്ക് അടക്കം പ്രോത്‌സാഹനം നൽകാൻ സംസ്ഥാനത്ത് മികച്ച റോഡുകൾ നിർമ്മിക്കും.
ക്ഷേത്രങ്ങളും പ്രശസ്‌ത സ്ഥലങ്ങളും റോഡ് വഴി ബന്ധിപ്പിക്കാൻ ശക്തി പദ്ധതി
പ്രാദേശിക മാർക്കറ്റുകൾക്കും ചെറുകിട വ്യവസായങ്ങളെയും സഹായിക്കാൻ ആപ്പിൾ പായ്‌ക്കറ്റുകൾക്ക് 12ശതമാനം അധിക നികുതി ചുമത്തും. അധിക ജി.എസ്.ടി സർക്കാർ നൽകും.
സംസ്ഥാനത്ത് അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും. മൊബൈൽ ക്ളിനിക്കൽ വാനുകൾ വർദ്ധിപ്പിക്കും.
യുവാക്കൾക്ക് തൊഴിൽ നൽകാൻ 900 കോടി രൂപയുടെ സ്റ്റാർട്ട് അപ്പ് യൂണിറ്റ്
വീരമൃത്യു അടയുന്ന സൈനികരുടെ ബന്ധുക്കൾക്കുള്ള നഷ്‌ടപരിഹാരം കൂട്ടും
ബി.ജെ.പി പ്രവർത്തകർക്കുള്ള പ്രതിഫലം ഏകീകരിക്കും.
കർഷകർക്കുള്ള മുഖ്യമന്ത്രി അന്ന ദത്ത പദ്ധതി വിപുലീകരിക്കും.