
ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ശതമാനം സംവരണം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്നു രാവിലെ 10.30ന് വിധി പറയും.
സെപ്‌തംബറിൽ ഒരാഴ്‌ച വാദം കേട്ട ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പർദ്ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ 2019ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് കോടതി പരിശോധിച്ചത്.
നാളെ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അവസാന പ്രവൃത്തി ദിവസം പുറപ്പെടുവിക്കുന്ന സുപ്രധാന വിധിയാകുമിത്. നവംബർ 9ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ 50-ാം ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കും.