amitshah

ന്യൂഡൽഹി: വാഗ്‌ദാനം നൽകിയാൽ അത് നടപ്പാക്കാൻ കഴിയണമെന്നും ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടനപത്രിക പാഴ്‌വാക്കാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രം ഭരിച്ചപ്പോൾ അഴിമതിയിൽ മുങ്ങിക്കുളിച്ച കോൺഗ്രസിന് ഹിമാചലിലെ ജനങ്ങൾക്ക് വാഗ്‌ദാനം നൽകാൻ യാതൊരു അവകാശവുമില്ലെന്നും

അമിത് ഷാ പറഞ്ഞു. ഹിമാചലിലെ നഗ്രോട്ടയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിച്ചപ്പോൾ സോണിയ-മൻമോഹൻ സർക്കാർ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. കോൺഗ്രസ് ഭരണത്തിലെ അഴിമതി തിട്ടപ്പെടുത്താൻ ബുദ്ധിമുട്ടാണ്, ബിജെപി ഭരണത്തിൽ അഴിമതി കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഇതാണ് രണ്ട് പാർട്ടികളുടെയും വ്യത്യാസം. ജനങ്ങൾ ആവശ്യപ്പെടാതെ തന്നെ വികസനം നടപ്പാക്കിയാണ് ബി.ജെ.പി ഭരണം.

ജവഹർലാൽ നെഹ്റുവിന് ജമ്മു-കാശ്‌മീരിൽ സംഭവിച്ച പിശകിനെ 65 വർഷമായി പോറ്റിയവരാണ് കോൺഗ്രസ്. 370-ാം വകുപ്പ് ഇല്ലാതാക്കാൻ അവർ ശ്രമിച്ചില്ല. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരേണ്ടി വന്നു. സോണിയ-മൻമോഹൻ ഭരണകാലത്ത് പാകിസ്ഥാൻ ഭീകരർ നമ്മുടെ രാജ്യത്ത് പ്രവേശിച്ച് സൈനികരെ വധിക്കുമായിരുന്നു. ആ ഭീകരർക്കെതിരെ സർജിക്കൽ സ്‌ട്രൈക്കിലൂടെ മോദി സർക്കാർ ഉറിയിലും പുൽവാമയിലും നടന്ന ആക്രമണങ്ങൾക്ക് മറുപടി നൽകി. ഒരു റാങ്ക് ഒരു പെൻഷൻ കൊണ്ടുവന്ന് പ്രധാനമന്ത്രി മോദി 40 ലക്ഷത്തിലധികം സൈനികർക്ക് ആശ്വാസം നൽകി.

സർക്കാരുകൾ മാറിവരുന്ന പതിവ് ഉത്തരാഖണ്ഡ്, യു.പി, അസാം, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി.ജെ.പി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.