modi

ന്യൂഡൽഹി: ഗുജറാത്തിന്റെ വികസനത്തിന് തുരങ്കം വച്ചവരെ തിരികെ വരാൻ അനുവദിക്കരുതെന്ന് ഗുജറാത്തിലെ വൽസാദിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു. നാം നിർമ്മിച്ച ഗുജറാത്ത് എന്ന മുദ്രാവാക്യവും അദ്ദേഹം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ റാലിയിൽ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 20ഒാളം റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ഗുജറാത്തിന്റെ വികസനത്തിനായി നമ്മൾ തുടർച്ചയായി പ്രവർത്തിക്കുന്നു. എല്ലാ ഗുജറാത്തികളും ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടാണ് നാം നിർമ്മിച്ച ഗുജറാത്ത് എന്ന മുദ്രാവാക്യമെന്നും മോദി പറഞ്ഞു. റാലിക്കിടെ പല ആവർത്തി അദ്ദേഹം സദസ്യരോട് മുദ്രാവാക്യം ഉറക്കെ ചൊല്ലാൻ ആവശ്യപ്പെട്ടു.

വികസനത്തിന്റെ കാര്യത്തിൽ ഗുജറാത്ത് നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചെന്നും മോദി പറഞ്ഞു. തോളോട് തോൾ ചേർന്ന് ഗുജറാത്തിനെ വികസനത്തിന്റെ പാതയിലെത്തിക്കാൻ അവസരം ലഭിച്ചു. അതിനു പിന്നിൽ എല്ലാവരുടെയും കഠിനാദ്ധ്വാനമുണ്ട്. മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇന്ന് ആദിവാസി മേഖലകളിൽ പോലും ആശുപത്രികളും മെഡിക്കൽ കോളേജുകളും ഉണ്ട്. ഗോത്ര ഗ്രാമങ്ങളിൽ കുടി വെള്ളം എത്തിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.