manesh-sisodiya

ന്യൂഡൽഹി: ഡൽഹിയിലെ ആംആദ്‌മി സർക്കാരിന്റെ വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്‌ക്കെതിരെ അദ്ദേഹത്തിന്റെ സഹായിയും വ്യവസായിയുമായ ദിനേശ് അറോറയെ സി.ബി.ഐ മാപ്പുസാക്ഷിയാക്കും.

ദിനേഷ് അറോറയ്ക്ക് കഴിഞ്ഞയാഴ്ച ഡൽഹി കോടതി ജാമ്യം അനുവദിച്ചപ്പോൾ സി.ബി.ഐ എതിർത്തിരുന്നില്ല. അതേസമയം മറ്റൊരു പ്രതിയും ഹൈദരാബാദ് വ്യവസായിയുമായ അഭിഷേക് ബൊയിൻപള്ളിക്ക് ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെയാണ് സിസോദിയക്കെതിരായ കേസിൽ അറോറയെ മാപ്പുസാക്ഷിയാക്കാൻ സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകിയത്. അറോറ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ച് നിർണായക വിവരങ്ങൾ നൽകിയെന്ന് സി.ബി.ഐ അറിയിച്ചു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ആപ്പിനെതിരായ കേസ് ബി.ജെ.പി രാഷ്‌ട്രീയ ആയുധമാക്കുന്നതിനിടെയാണ് സി.ബി.ഐ നീക്കം.