
ന്യൂഡൽഹി: അഞ്ചു വർഷം ഹിമാചൽ പ്രദേശ് ഭരിച്ച ബി.ജെ.പിയുടെ ഡബിൾ (ഇരട്ട) എൻജിനിൽ ഇന്ധനമുണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ പരിഹാസം. ഹിമാചലിന്റെ വികസനത്തിന് കേന്ദ്രത്തിലും സംസ്ഥാനത്തിലും സർക്കാരുള്ള ഇരട്ട എൻജിൻ വേണമെന്ന ബി.ജെ.പി വാദത്തെ പരാമർശിച്ചാണ് ഉനയിലെ റാലിയിൽ പ്രിയങ്കയുടെ പരിഹാസം. പഴയ പെൻഷൻ പദ്ധതി ഒഴിവാക്കിയതും തൊഴിലില്ലായ്‌മയും ഹിമാചലിനെ ദുരിതപൂർണമാക്കിയെന്നും പ്രിയങ്ക പറഞ്ഞു.
ഇടയ്‌ക്കിടെ മരുന്നു മാറ്റിയാൽ രോഗം മാറില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഹിമാചൽ പ്രദേശിന് 70,000 കോടി രൂപയുടെ കടമുണ്ട്. അദ്ധ്യാപക റിക്രൂട്ട്‌മെന്റ്, പി.പി.ഇ കിറ്റ് ഇടപാട്, പൊലീസ് റിക്രൂട്ട്‌മെന്റ് എന്നിവയിൽ അഴിമതി നടന്നു. എന്നിട്ടും മരുന്ന് മാറ്റരുതെന്ന് അവർ പറയുന്നു.
സംസ്ഥാനത്ത് 63,000 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ കൊണ്ടുവരും. തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിലെടുക്കും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. ഛത്തീസ്ഗഡിൽ അതു നടപ്പാക്കിയിട്ടുണ്ട്. മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷം തൊഴിൽ നൽകി തൊഴിലില്ലായ്‌മ പരിഹാരിച്ചു. ചെറുപ്പക്കാരുടെ മനസിൽ വിഷം കുത്തിവയ്‌ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അഗ്‌നിപഥ് റിക്രൂട്ട്‌മെന്റിനെ വിമർശിച്ച പ്രിയങ്ക നേരത്തെ 4000 പേർക്ക് സൈന്യത്തിൽ ജോലി ലഭിച്ചിരുന്ന ഹിമാചലിൽ അത് 500 ആയി കുറഞ്ഞെന്നും ചൂണ്ടിക്കാട്ടി.
അധികാരത്തിൽ തുടരാൻ അവർ എന്തും പറയും. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം അതു മറക്കും. പണം കൊടുത്ത് തിരഞ്ഞെടുപ്പ് വിജയിക്കില്ലെന്ന പാഠം അവരെ പഠിപ്പിക്കണം. തെറ്റിദ്ധരിക്കാതെ നിങ്ങളുടെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, എ.ഐ.സി.സി നേതാവ് വി.സി.ശുക്‌ള, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.
ഭരണം മാറില്ലെന്ന് ജയ് റാം താക്കൂർ
പാർട്ടികൾ മാറിമാറി ഭരിക്കുന്ന പതിവ് ഇക്കുറി ഹിമാചൽ പ്രദേശിലുണ്ടാകില്ലെന്നും അടുത്ത 25 വർഷം ബി.ജെ.പി അധികാരത്തിൽ തുടരുമെന്നും മുഖ്യമന്ത്രി ജയ് റാം താക്കൂർ. കുളു ജില്ലയിലെ ബഞ്ചാറിലും ഷിംലയിലെ ചൗപാലിലും ബി.ജെ.പി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1982 മുതൽ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബി.ജെ.പിയും മാറിമാറി വന്നതാണ് ചരിത്രമെങ്കിലും ഇത്തവണ വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ പരമ്പരാഗത രീതിവിട്ട് വോട്ടു ചെയ്യും. 50ൽ അധികം സീറ്റുകളിൽ ജയിച്ച് പാർട്ടി അധികാരം നിലനിറുത്തും. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം അവർ ഭരണത്തിലുള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലും നൽകുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രണ്ട് പതിറ്റാണ്ടായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തലേതു പോലെ ഹിമാചലിനെയും മാറ്റണമെന്നും താക്കൂർ പറഞ്ഞു.
ആപ്പിന്കെട്ടിവച്ച കാശ് കിട്ടില്ലെന്ന് നദ്ദ
ഹിമാചൽ പ്രദേശിലെ 68 സീറ്റിലും ആം ആദ്മി പാർട്ടിക്ക് കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.
ഗോവയിലെ 40ൽ 39 സീറ്റിലും എ.എ.പി മത്സരിച്ചു. 35 എണ്ണത്തിലും കെട്ടിവെച്ച കാശ് പോയി. ഉത്തർപ്രദേശിൽ 350ൽ 349ലും കെട്ടിവച്ച തുക നഷ്ടമായി. ഉത്തരാഖണ്ഡിൽ 69ൽ 65ൽ കെട്ടിവെച്ച തുക നഷ്ടമായി. ഹിമാചൽ പ്രദേശിൽ 68 മണ്ഡലങ്ങളിലും അവർക്ക് കെട്ടിവച്ച കാശ് ലഭിക്കില്ലെന്ന് ഉറപ്പാക്കണമെന്നും നദ്ദ പറഞ്ഞു.