
പിന്നാക്ക-പട്ടികക്കാരെ ഒഴിവാക്കിയതിൽ വിയോജിച്ച്
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് ജഡ്ജിമാർ
ന്യൂഡൽഹി: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചു.
അഞ്ചംഗ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ, ചീഫ് ജസ്റ്റിസ് യു.യു.ദളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും പിന്നാക്ക,പട്ടിക വിഭാഗങ്ങളെ ഇതിൽനിന്നൊഴിവാക്കിയതിനെ എതിർത്തു.
പത്ത് ശതമാനം മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി.ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. എസ്.സി,എസ്.ടി ,ഒ.ബി.സി വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരായ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ഭിന്ന വിധിയെചീഫ് ജസ്റ്റിസ് യു.യു. ലളിത് അനുകൂലിക്കുകയായിരുന്നു. 3:2 എന്ന അനുപാതത്തിൽ ഭൂരിപക്ഷ ബെഞ്ചിന്റെ വിധി ശരിവച്ചു. മൂന്ന് ജഡ്ജിമാർ വിധി പ്രസ്താവിച്ച ശേഷമാണ്, ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ഭിന്നവിധിക്കൊപ്പമാണെന്ന് ചീഫ് ജസ്റ്റിസ് ലളിത് വ്യക്തമാക്കിയത്. ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയോട് ചീഫ് ജസ്റ്റിസ് വിയോജിക്കുന്നത് അസാധാരണമാണ്.
ജാതി വിവേചനം ശരിവയ്ക്കലെന്ന്
ജസ്റ്റിസുമാരായ ലളിതും ഭട്ടും
ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ്, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ മാറ്റി നിറുത്തിയ ഭരണഘടനാ ഭേദഗതിയെന്ന് ഭിന്ന വിധിയിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും സാമൂഹിക നീതിക്കുമെതിരായ 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാപരമല്ല. ഈ വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയിലെ സാമൂഹ്യനീതിയുടെ അടിസ്ഥാനഘടനയെ തുരങ്കം വയ്ക്കുന്നു. സാമ്പത്തിക സംവരണത്തോട് വിയോജിപ്പില്ല. എന്നാൽ, എസ്.സി, എസ്.ടി ,ഒ.ബി.സി വിഭാഗങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാത്തത് മൗലികാവകാശ ലംഘനമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥ അതിജീവിക്കാനുള്ള അവസരം തുല്യമായി നൽകണം. ചിലരെ ഒഴിവാക്കിയത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ്. അതിനാൽ ഭരണഘടനാ ഭേദഗതിയിലെ ഇത് സംബന്ധിച്ച 16 (1),(4) വകുപ്പുകൾ റദ്ദ് ചെയ്യുകയാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. സംവരണത്തിൽ 50 ശതമാനം പരിധി ലംഘിക്കുന്നതിനെയും ജസ്റ്റിസ് ഭട്ട് എതിർത്തു. ഇതിനെയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അനുകൂലിച്ചത്.
മുന്നാക്ക സംവരണം
ന്യായമെന്ന് ഭൂരിപക്ഷം
സാമ്പത്തികമായ പിന്നാക്കം നിൽക്കുന്നവരെ കൈ പിടിച്ചുയർത്താനാണ് മുന്നാക്ക സംവരണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വിധിന്യായത്തിൽ പറഞ്ഞു.നിലവിൽ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണമെന്ന ന്യായത്തോട് മറ്റ് രണ്ട് ജഡ്ജിമാരും യോജിച്ചു.
സുപ്രീംകോടതി വിധി സാമൂഹികനീതിയുടെ വിജയമാണ്. സംവരണം ജാതിയുടെ പേരിലായിരിക്കരുത്, സമ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന മന്നത്തുപത്മനാഭന്റെ കാലം മുതലേയുള്ള എൻ.എസ്.എസ് നിലപാടിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിധി
ജി.സുകുമാരൻ നായർ
എൻ.എസ്.എസ് ജനറൽ സെക്രട്ടറി
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ സംവരണം 50 ശതമാനം കവിയാൻ പാടില്ലെന്ന് സുപ്രീംകോടതി ഒൻപതംഗ ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ സംവരണം 60 ശതമാനമാക്കിയത് കോടതി ശരിവച്ചിരിക്കുകയാണ്. ഈ വിധികൾ പരസ്പര വിരുദ്ധമാണ്
വെള്ളാപ്പള്ളി നടേശൻ,
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി