
ന്യൂഡൽഹി: സുപ്രീം കോടതിയുടെ 74 -ാമത് ചീഫ് ജസ്റ്റിസായ യു.യു. ലളിത് സ്ഥാനമൊഴിഞ്ഞു. 74 ദിവസം മുമ്പ് ചീഫ് ജസ്റ്റിസായ ലളിതിന്റെ 37 വർഷത്തെ ഔദ്യോഗിക ജീവതവും ഇന്നലെ പൂർത്തിയായി. ആഗസ്റ്റ് 27 നാണ് യു.യു ലളിത് ചുമതലയേറ്റത്.
സുപ്രീം കോടതിയിൽ അദ്ദേഹത്തിന്റെ തുടക്കം കുറിച്ച ഒന്നാം നമ്പർ കോടതിയിലായിരുന്നു അവസാന സിറ്റിംഗ്. യു.യു ലളിത് ഇന്നായിരുന്നു സ്ഥാനമൊഴിയേണ്ടിയിരുന്നത്. എന്നാൽ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് കോടതി ഇന്ന് അവധിയായതുകൊണ്ടാണ് വിരമിക്കൽ ഇന്നലെയായത്.
എൺപതുകളുടെ തുടക്കത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മുമ്പാകെ സുപ്രീം കോടതി അഭിഭാഷകൻ എന്ന നിലയിൽ ഒരു കേസ് വാദിച്ചു കൊണ്ടായിരുന്നു തന്റെ യാത്ര ആരംഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഇന്നലെ നടന്ന യാത്രഅയപ്പ് ചടങ്ങിൽ പറഞ്ഞു. ഇപ്പോൾ ചീഫ് ജസ്റ്റിസിന്റെ ബാറ്റൺ അദ്ദേഹത്തിന്റെ മകൻ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് താൻ കൈമാറുകയാണ്. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ വാഗ്ദാനങ്ങൾ ഒരു പരിധിവരെ നിറവേറ്റി. കേസുകൾ ലിസ്റ്റ് ചെയ്യുന്നത് കാര്യക്ഷമമാക്കി. ഭരണഘടന ബെഞ്ചുകൾ സ്ഥിരമായി വാദം കേട്ടു. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 10,000 കേസുകൾ തീർപ്പാക്കി. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രഅയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വളരെക്കാലം മുമ്പുള്ളതാണെന്ന് ചടങ്ങിൽ പങ്കെടുത്ത നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ലളിതിന്റെ സഹവർത്തിത്വത്തെയും അനുകമ്പയെയും അദ്ദേഹം പുകഴ്ത്തി. ജസ്റ്റിസ് ബേല എം. ത്രിവേദിയും പങ്കെടുത്തു.