supreme-court

ന്യൂഡൽഹി: 19കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ഇരപിടിയന്മാർ എന്ന് നിരീക്ഷിച്ച് ഡൽഹി കോടതി വധശിക്ഷയ്‌ക്ക് വിധിച്ച മൂന്ന് പ്രതികളുടെ ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. രവികുമാർ, രാഹുൽ, വിനോദ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്.

2012ൽ ഡൽഹിയിലെ ഛവാലയിലായിരുന്നു സംഭവം. ഡൽഹി നജഫ്ഗഡിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശരീരമാകെ മുറിവേറ്റ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ഹരിയാനയിലെ റോധായി ഗ്രാമത്തിലെ വയലിൽ നിന്നാണ് കണ്ടെത്തിയത്. കാറിലെ ഉപകരണങ്ങളും മൺപാത്രങ്ങളും കൊണ്ട് പ്രതികൾ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും കൊലപ്പെടുത്തിയതിനും മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി 2014 ഫെബ്രുവരിയിൽ ഡൽഹി കോടതി വധശിക്ഷ വിധിച്ചു. 2014 ആഗസ്റ്റ് 26നാണ് വിചാരണക്കോടതി വിധി ഡൽഹി ഹൈക്കോടതി ശരിവച്ചത്. തുടർന്നാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.