congress-jodo

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെയും കോൺഗ്രസിന്റെയും ഔദ്യോഗിക അക്കൗണ്ടുകൾ താത്കാലികമായി മരവിപ്പിക്കാൻ ട്വിറ്ററിന് ബംഗളൂരു കോടതിയുടെ ഉത്തരവ്. കന്നഡ സിനിമയായ കെ.ജി.എഫ് 2വിൽ നിന്നുള്ള സംഗീതം പകർപ്പവകാശം ലംഘിച്ച് ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളിൽ ഉപയോഗിച്ചതിനെതിരെ എം.ആർ.ടി മ്യൂസിക്കിന് വേണ്ടി എം. നവീൻകുമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇതിൽ നിന്ന് കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും തടഞ്ഞില്ലെങ്കിൽ പരിഹരിക്കാനാകാത്ത പരിക്കിന് കാരണമാകുമെന്നും ഇത് പൈറസിയെ പ്രോത്സാഹിപ്പിക്കുമെന്നും ബംഗളൂരു സിവിൽ കോടതി വ്യക്തമാക്കി.

കോൺഗ്രസ് ഹാൻഡിലുകൾ പോസ്റ്റ് ചെയ്ത മൂന്ന് ട്വീറ്റുകൾ നീക്കം ചെയ്യാനും അക്കൗണ്ടുകൾ താത്കാലികമായി തടയാനും കോടതി ട്വിറ്ററിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരിശോധനകൾക്കായി ഒരു കമ്മീഷണറെ നിയമിക്കാനും കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ച് ബംഗളുരു വാണിജ്യ കോടതിയിലെ കമ്പ്യൂട്ടർ വിഭാഗം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ എസ്.എൻ. വെങ്കിടേശ മൂർത്തിയെ നിയമിച്ചു. 21 ന് കേസിൽ അടുത്ത വാദം കേൾക്കും.

കെ.ജി.എഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ യാത്രയ്ക്കായി ഉപയോഗിച്ചതായി ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി, ജയറാം രമേശ്,പാർട്ടി സാമൂഹ്യ മാദ്ധ്യമ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിലാണ് എം.ആർ.ടി മ്യൂസിക് പരാതി നൽകിയത്. സിനിമയിലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രാപ്രചരണത്തിനായി ഉപയോഗിക്കുകയായിരുന്നു. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് കേസ്.

 ഹിന്ദി പതിപ്പ് വാങ്ങിയത് വലിയ വിലയ്‌ക്ക്

കോൺഗ്രസിന്റെ ഗാനങ്ങൾ എന്ന് തോന്നിപ്പിക്കുന്ന നിലയിലാണ് ഗാനങ്ങൾ പ്രചരിപ്പിച്ചതെന്ന് എം.ആർ.ടി മ്യൂസിക് അറിയിച്ചു. വലിയ തുക നൽകിയാണ് കെ.ജി.എഫ് 2 ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയത്. നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത ശേഷം ഭാരത് ജോഡോ യാത്രയിലെ രംഗങ്ങൾ കൂട്ടിച്ചേർത്താണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചു. പാർട്ടിയുടെ ഔദ്യോഗിക സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്‌തതായി എം.ആർ.ടി മ്യൂസിക്കിന്റെ അഭിഭാഷകൻ നരസിംഹൻ സമ്പത്ത് ചൂണ്ടിക്കാട്ടി. ദേശീയ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ് നിയമവ്യവസ്ഥയോടും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയോടുള്ള അവഗണനയാണ് ഇത് കാണിക്കുന്നത്. സാധാരണക്കാർക്കടക്കം നിയമ പരിരക്ഷ ഉറപ്പ് നൽകുന്നതിന് വേണ്ടി രാജ്യം ഭരിക്കാനാണ് ഇതേ യാത്രയിലൂടെ അവർ അവസരം തേടുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.