
ന്യൂഡൽഹി:സുപ്രീം കോടതിയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ്, രാഷ്ട്രപതി ദ്രൗപതി മുർമു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. 2024 നവംബർ 10 വരെയാണ് കാലാവധി.
ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതിഭവനിലെ ചടങ്ങിൽ പങ്കെടുത്തില്ല. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ, ലോകസഭാ സ്പീക്കർ ഓം ബിർള, മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത്, സുപ്രീം കോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു.
ചീഫ് ജസ്റ്റിസാകുന്ന ആദ്യ അച്ഛനും മകനും
സുപ്രീംകോടതിയുടെ 16ാം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ ( യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ) മകനാണ് ഡി. വൈ.ചന്ദ്രചൂഡ് ( ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് ). 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ ( ഏഴ് വർഷവും നാല് മാസവും ) വൈ.വി ചന്ദ്രചൂഡ് ചുമതല വഹിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന റെക്കാഡ് അദ്ദേഹത്തിനാണ്.
പുരോഗമനപരമായ വിധികൾ
അവിവാഹിതരായ സ്ത്രീകൾക്കും ഗർഭം അലസിപ്പിക്കാം
സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല
സ്വകാര്യത മൗലികാവകാശം
എല്ലാ സ്ത്രീകൾക്കും ശബരിമല പ്രവേശനം
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാം
ആർമിയിലും നേവിയിലും വനിതകൾക്ക് സ്ഥിരം കമ്മിഷൻ
ജീവിത രേഖ
സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇക്കണോമിക്സ് ബി.എ ഓണേഴ്സ്
1982ൽ ഡൽഹി യൂണിവേഴ്സിറ്റി ലാ സെന്ററിൽ നിന്ന് എൽ.എൽ.ബി
1983ൽ യു.എസിലെ ഹാർവാഡ് ലാ സ്കൂളിൽ നിന്ന് എൽ.എൽ.എം
ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്
1998 ൽ ബോംബെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ
1998 മുതൽ 2000 വരെ അഡീഷണൽ സോളിസിറ്റർ ജനറൽ
2000 മാർച്ച് 29 ന് ബോംബെ ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജി
2013 ഒക്ടോബർ 31 ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
2016 മേയ് 13ന് സുപ്രീം കോടതി ജഡ്ജി
ഇന്ത്യൻ ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്നത് വലിയ അവസരവും ഉത്തരവാദിത്വവുമാണ്. സാധാരണ ജനങ്ങളെ സേവിക്കുന്നതിനാണ് മുൻഗണന.
--ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്