
38 എം.എൽ.എമാരെ മാറ്റിനിറുത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വദേശമായ ഗുജറാത്തിൽ അടുത്ത മാസം രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 160 പേരുടെ പട്ടിക ബി.ജെ.പി പുറത്തിറക്കി. 27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്ക് എതിരെ ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരത്തെയും അതിജീവിക്കാൻ പോന്നവിധം വലിയൊരു നേതൃനിരയെ തട്ടിമാറ്റിയാണ് സ്ഥാനാർത്ഥി പട്ടികയ്ക്കു രൂപം നൽകിയത്.
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും മുൻ കോൺഗ്രസ് നേതാവും പട്ടേദാർ സമുദായ നേതാവ് ഹാർദിക് പട്ടേലും പട്ടികയിലുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്‌ലോഡിയയിൽ മത്സരിക്കും.
അതേസമയം 38 സിറ്റിംഗ് എം.എൽ.എമാരെ ഒഴിവാക്കി. മുൻ മുഖ്യമന്ത്രി വിജയ് രുപാണി സ്വയം പിൻമാറിയതായി അറിയിച്ചിരുന്നു. എം.എൽ.എമാരെല്ലാം സ്വയം പിൻമാറിയതാണെന്നും ഡൽഹിയിൽ പട്ടിക പ്രഖ്യാപിച്ച കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ഗുജറാത്ത് നിയമസഭയിലെ 182 സീറ്റിൽ ഡിസംബർ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 89-ൽ 84 സീറ്റുകളിലെയും ഡിസംബർ 5-ന് വോട്ടെടുപ്പു നടക്കുന്ന 93-ൽ 76 സീറ്റുകളിലെയും സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ നവംബർ 9 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം പങ്കെടുത്ത തിരഞ്ഞെടുപ്പ് പാനൽ യോഗം ചേർന്നിരുന്നു.
താരമാകാൻ റിവാബ
സിറ്റിംഗ് എം.എൽ.എ ധർമേന്ദ്രസിൻഹ് ജഡേജയെ ഒഴിവാക്കിയാണ് ജാംനഗർ നോർത്ത് മണ്ഡലത്തിൽ 2019ൽ ബി.ജെ.പിയിൽ ചേർന്ന റിവാബയെ മത്സരിപ്പിക്കുന്നത്. രജപുത്ര-രാജകീയ പാരമ്പര്യമുള്ള റിവാബ ജാംനഗർ-സൗരാഷ്ട്ര മേഖലയിൽ പൊതുപ്രവർത്തനങ്ങളിൽ സജീവമാണ്. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയായ റിവാബ ബി.ജെ.പിക്കുവേണ്ടി മാസങ്ങളായി ഗ്രാമങ്ങളിൽ പര്യടനം നടത്തുന്നുണ്ട്. 2016-ലാണ് രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചത്.
ഹാർദിക് വീരാംഗ്രാമിൽ
പട്ടേദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ കന്നി മത്സരത്തിൽ വീരാംഗ്രാമിൽ മത്സരിക്കും. കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റായ ഹാർദിക് പട്ടേൽ 2017-ൽ 25 വയസ് തികയാത്തതിനാൽ മത്സരിച്ചിരുന്നില്ല. പ്രദ്യുമൻ ജഡേജ, അശ്വിൻ കോട്‌വാൾ അടക്കം 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബാനറിൽ മത്സരിച്ച ഏഴുപേർ പട്ടികയിലുണ്ട്.
മോർബിയിലെ രക്ഷകന് ടിക്കറ്റ്
തൂക്കുപാലം തകർന്ന് 135 പേർ മരിക്കാനിടയായ സംഭവം ബി.ജെ.പിക്ക് പ്രതികൂലമാകുമെന്ന റിപ്പോർട്ടുകൾക്കിടെ മോർബി സിറ്റിംഗ് എം.എൽ.എ ബ്രിജേഷ് മെർജയെ മാറ്റി വെള്ളത്തിൽ ചാടി നിരവധി പേരെ രക്ഷിച്ച മുൻ എം.എൽ.എ കാന്തിലാൽ അമൃതിയയെ(60) സ്ഥാനാർത്ഥിയാക്കി.