
ന്യൂഡൽഹി: പട്ടിക വിഭാഗക്കാർക്കുള്ള ആനുകൂല്യം ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിതർക്ക് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ദളിത് ഹിന്ദുക്കൾക്കുള്ള സംവരണവും ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും ദളിത് മുസ്ലിങ്ങൾക്കും ലഭിക്കാൻ ഉത്തരവ് തേടി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം.
ദളിത് ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങൾ മറ്റ് മതങ്ങളിലെ ദളിതരും അനുഭവിക്കുന്നതായി വ്യക്തമാക്കുന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഹർജി. പട്ടികജാതി - പട്ടിക വർഗ കമ്മിഷനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഹിന്ദു, ബുദ്ധ, സിഖ് മതക്കാർക്ക് മാത്രമാണ് പട്ടിക വിഭാഗ ആനുകൂല്യം ലഭിക്കുന്നത്. ഇവരുടെ സാമൂഹ്യ പിന്നാക്കാവസ്ഥയും ഇവർക്കിടയിൽ നിലനിന്ന സാമൂഹിക തിന്മകളുമാണ് ആനുകൂല്യം നൽകാൻ കാരണം.
ഇത് ചരിത്രരേഖകൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. ഹിന്ദു മതത്തിലെ ചില ജാതികളെ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിലാക്കുന്ന തൊട്ടുകൂടായ്മ പോലെ ഒട്ടേറെ സാമൂഹ്യ തിന്മകൾ അനുഭവിച്ചവരാണവർ. ഈ സാമൂഹ്യ തിന്മകളിൽ നിന്ന് മോചനം തേടിയാണ് ഇത്തരം വിവേചനങ്ങളില്ലാത്ത ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് ദളിത് ഹിന്ദുക്കൾ മാറുന്നതെന്ന് സത്യവാങ്ങ്മൂലം വ്യക്തമാക്കുന്നു. നൂറ് കണക്കിന് വർഷങ്ങളായി അടിച്ചമർത്തപ്പെട്ട ദളിത് ഹിന്ദുക്കളുടെ ദുരനുഭവങ്ങളും പീഡനങ്ങളും ക്രൈസ്തവരും മുസ്ലിങ്ങളും അനുഭവിച്ചിട്ടില്ല. അതിനാൽ ഹിന്ദു, ബുദ്ധ, സിഖ് വിഭാഗങ്ങൾക്ക് മാത്രം പട്ടികജാതി പദവി നൽകുന്ന 1950 ലെ ഉത്തരവ് (പട്ടികജാതി) ഭരണഘടനാവിരുദ്ധമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ദളിത് ക്രൈസ്തവർക്കും ദളിത് മുസ്ലിങ്ങൾക്കും 27% സംവരണം
മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ 27% സംവരണത്തിന് ദളിത് ക്രൈസ്തവരും ദളിത് മുസ്ലിങ്ങളും അർഹരാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷന്റെ പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കും ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾക്കും ഇവർ അർഹരാണ്. ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിങ്ങളെയും പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് പഠിക്കുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കമ്മിഷന്റെ റിപ്പോർട്ട് വരുന്നത് വരെ ഹർജിക്കാർ കാത്തിരിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.