aadhar

നടപടി ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പ് വർദ്ധിക്കുന്നത് തടയിടാൻ

ന്യൂഡൽഹി: വ്യാജ വിവരങ്ങൾ നൽകി ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിന് തടയിടാൻ, പത്തുവർഷത്തിലൊരിക്കൽ നിർബന്ധമായും പുതിയ രേഖകൾ നൽകി ആധാർ പുതുക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം.

തിരിച്ചറിയൽ,​ മേൽവിലാസ രേഖകളും ഫോൺനമ്പറും നൽകിയാണ് ആധാർ കാർഡ് പുതുക്കേണ്ടത്. https://ssup.uidai.gov.in/ssup എന്ന ആധാർ സെൽഫ് സർവീസ് അപ്‌ഡേറ്റ് പോർട്ടൽ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇതുചെയ്യാം. പത്തുവർഷം കഴിഞ്ഞവർ ഉടൻ ആധാർ പുതുക്കണമെന്നും നേരത്തേ നൽകിയ വിവരങ്ങളിൽ മാറ്രമില്ലെങ്കിലും അതാത് സമയത്തെ രേഖകൾ നൽകാമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

തെളിവായി നൽകുന്ന തിരിച്ചറിയൽ രേഖയിൽ അപേക്ഷകന്റെ പേരും ഫോട്ടോയും ഉണ്ടായിരിക്കണം. അപേക്ഷയിലെയും രേഖയിലെയും പേരും ഒന്നായിരിക്കണം. വിലാസം തെളിയിക്കാൻ അപേക്ഷകന്റെ പേരിലുള്ള രേഖ തന്നെ നൽകണം. പങ്കാളിയുടെയോ, മാതാപിതാക്കളുടെയോ രേഖകൾ സ്വീകരിക്കില്ല. വിവരങ്ങൾ യു.ഐ.ഡി.എ.ഐ വിശദമായി പരിശോധിച്ച ശേഷമാകും കാർഡ് പുതുക്കുക. കഴിഞ്ഞ മാസം യൂണീക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇതുസംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.

പോർട്ടൽ വഴി ചെയ്യുന്ന വിധം

​ https://ssup.uidai.gov.in/ssup -ൽ ആധാർ നമ്പരും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

​തുറക്കുന്ന പേജിൽ നിന്ന് ഓൺലൈൻ അപ്‌ഡേറ്റ് സർവീസിൽ ക്ളിക്ക് ചെയ്യുക.

​തുടർന്നുള്ള പേജിൽ ആവശ്യമുള്ള ഭാഗം തിരഞ്ഞെടുക്കുക.

​വിവരങ്ങൾ ചേർത്തശേഷം തെളിവായി സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക.

സ്വയം ചെയ്യാവുന്നവയും പറ്റാത്തതും

​ഓൺലൈൻ പോർട്ടലിലൂടെ പേരിലെ ചെറിയ തിരുത്തൽ, ജനനത്തീയതി, ലിംഗഭേദം, വിലാസം എന്നിവ പുതുക്കാം.

​മൊബൈൽ നമ്പർ, ഇമെയിൽ, ബയോമെട്രിക്സ് ഡാറ്റ എന്നിവയ്‌ക്ക് ആധാർ സേവാകേന്ദ്രങ്ങൾ(അക്ഷയ കേന്ദ്രങ്ങൾ) സന്ദർശിക്കണം. പേര് രണ്ടുതവണയും ജനന തീയതി, ലിംഗ വിവരങ്ങൾ ഒരുതവണയും മാത്രമെ തിരുത്താനാകൂ. വിലാസം മാറ്റാൻ പരിധിയില്ല. 50 രൂപയാണ് നിരക്ക്.