bheema
bheema

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണ തടവിൽ കഴിയുന്ന ഗൗതം നാവ് ലാഖയെ ഒരു മാസം വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. രണ്ട് ദിവസത്തിനകം ജയിലിൽ നിന്നും വീട്ട് തടങ്കലിലേക്ക് മാറ്റാനാണ് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്. വീട്ടുതടങ്കലിൽ കഴിയുമ്പോഴുണ്ടാകുന്ന സുരക്ഷാ നടപടികളുടെ ചെലവിലേയ്ക്ക് 2.4 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വീട്ടുതടങ്കൽ ദുരുപയോഗിക്കുന്നില്ലെന്നുറപ്പാക്കാൻ സായുധ അകമ്പടിയുണ്ടാകുകയും എട്ട് മണിക്കൂർ ഷിഫ്റ്റിൽ 3 പൊലീസുകാരെ കാവൽ ചുമതലയേല്പിക്കാനുമുള്ള കോടതി നിർദ്ദേശം എൻ.ഐ.എയുടെയും മഹാരാഷ്ട്ര സർക്കാരിന്റെയും അഭിഭാഷകർ സമ്മതിച്ചു.കമ്പ്യൂട്ടറോ ഇന്റർനെറ്റ് ഉൾപ്പെടെ ആശയ വിനിമയ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന മൊബൈൽ ഫോൺ 10 മിനിട്ട് നേരം ഉപയോഗിക്കാം.വീട്ടുതടങ്കലിൽ ടെലിവിഷനും വർത്തമാന പത്രങ്ങളും അനുവദിക്കും.എല്ലാ ദിവസവും 3 മണിക്കൂർ നേരം കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കും.താമസിക്കുന്ന മുറിക്ക് പുറത്തും വീടിന്റെ പ്രവേശന കവാടത്തിലും സിസിടിവികൾ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഹർജിക്കാരനും ഭാര്യയ്ക്കും സ്വകാര്യതയ്ക്കുള്ള അവകാശം നൽകണം.സിസിടിവികൾ ഒരു ഘട്ടത്തിലും പ്രവർത്തനരഹിതമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.മുമ്പ് സുരക്ഷാ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയപ്പോൾ മാവോയിസ്റ്റുകളുമായി ചർച്ച നടത്താൻ ഇടനിലക്കാരനായി സർക്കാർ നിശ്ചയിച്ച കാര്യവും പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.ജാമ്യവ്യവസ്ഥകൾ ഏതെങ്കിലും തരത്തിൽ ലംഘിച്ചാൽ വീട്ട് തടങ്കൽ റദ്ദാക്കി കർശനമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിൽ 26ന് ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നവ്ഖാല സുപ്രീം കോടതിയെ സമീപിച്ചത്.പീപ്പിൾസ് യൂണിയൻ ഫോർ ഡമോക്രാറ്റിക് റൈറ്റ്സിന്റെ മുൻ സെക്രട്ടറിയായ നവ് ഖാലയെ 2018 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ആദ്യം വീട്ടുതടങ്കലിലായിരുന്ന നവ് ഖാലയെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2020 ഏപ്രിലിൽ മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി.തലോജ ജയിലിൽ തനിക്ക് പ്രാഥമിക വൈദ്യസഹായം പോലും നിഷേധിക്കപ്പെടുകയാണെന്നും പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ ഹാജരാക്കിയ മെഡിക്കൽ രേഖകൾ അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ തയ്യാറാക്കിയതാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. തുടർന്ന് പുതിയ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇത് കൂടി പരിഗണിച്ചാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്.