ന്യൂഡൽഹി: ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള 26 പേരും സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കാനുള്ള നടപടികൾ തുടരുകയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നൈജീരിയ, ഗിനിയ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുകയാണ്.

രണ്ടു തവണ ഇന്ത്യൻ എംബസി അധികൃതർ നാവികരുമായി കൂടിക്കാഴ്‌ച നടത്തി. നാവികർക്കെതിരെയുള്ള കേസുകളിൽ ഗിനിയയിൽ മാത്രമാണ് പിഴയടച്ചത്. നൈജീരിയയിലെ കേസ് ബാക്കിയുണ്ട്. ഇരു രാജ്യങ്ങളും അന്താരാഷ്ട്ര ചട്ടം പാലിച്ചാണ് നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. അതിനാൽ അവിടത്തെ സർക്കാരിന്റെ കൈയിലാണ് കാര്യങ്ങൾ. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നമ്മുടെ എംബസിയും ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.

ലോകത്ത് എവിടെയെങ്കിലും ഒരു ഇന്ത്യക്കാരന് ബുദ്ധിമുട്ടുണ്ടായാൽ അവരെ സുരക്ഷിതരായി തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. ഈ വിശ്വാസം തടവിലായ നാവികർക്കും വേണം. നിയമത്തിന്റെ വഴിയിൽ നീങ്ങുമ്പോഴുള്ള സ്വാഭാവിക കാലതാമസമാണ് നേരിടുന്നത്. തടവുകാരുടേതായി പുറത്തുവന്ന വീഡിയോയെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു.