enforcement

ന്യൂഡൽഹി: ആംആദ്‌മി സർക്കാർ ഡൽഹിയിൽ നടപ്പാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈദരാബാദ് അരബിന്ദോ ഫാർമ ഡയറക്ടർ ശരത് റെഡ്ഡിയെയും ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രമുഖ മദ്യനിർമ്മാണ കമ്പനി പെർനോഡ് റിക്കാർഡിന്റെ ജനറൽ മാനേജർ ബിനോയ് ബാബുവിനെയും അറസ്റ്റു ചെയ്‌തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് അറസ്റ്റ്. ഇരുവരെയും ഡൽഹി റോസ് അവന്യൂ കോടതി റിമാൻഡ് ചെയ്‌തു.

മദ്യനയവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർക്ക് ആംആദ്‌മി സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ഇ.ഡി ആരോപിച്ചു.അരബിന്ദോ ഫാർമയ്ക്ക് പുറമെ നിരവധി സ്ഥാപനങ്ങളുമായി ബന്ധമുള്ള വ്യവസായിയാണ് റെഡ്ഡി.

റോയൽ സ്റ്റാഗ്, 100 പൈപ്പേഴ്സ്, ബ്ളെൻഡേഴ്സ് പ്രൈഡ്, ഇംപീരിയൽ ബ്ളൂ തുടങ്ങിയ പ്രമുഖ മദ്യ ബ്രാൻഡുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന പെർനോഡ് റിക്കാർഡിന്റെ ജനറൽ മാനേജരാണ് ബിനോയ് ബാബു.