hima

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ 68അംഗ നിയമസഭയിലേക്ക് നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞു. ഭരണം നിലനിറുത്താൻ ബി.ജെ.പിയും അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസും കറുത്ത കുതിരയാകാൻ ആംആദ്‌മിയും തമ്മിൽ ത്രികോണ പോരാട്ടത്തിലാണ്.

ജയ്‌റാം താക്കൂറിന്റെ നേതൃത്വത്തിൽ അധികാരം നിലനിർത്താൻ മത്സരിക്കുന്ന ബി.ജെ.പി ഏകസിവിൽ കോഡും സ്‌ത്രീ പക്ഷ വാഗ്‌ദാനങ്ങളുമാണ് പ്രചാരണത്തിൽ ഉപയോഗിച്ചത്. രണ്ട് റാലികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രഭരണത്തിന്റെ പ്രയോജനം ലഭിക്കാൻ ബി.ജെ.പി അധികാരത്തിൽ തുടരണമെന്ന് ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികളെ നോക്കേണ്ടെന്നും താമര ചിഹ്നം നോക്കി വോട്ടു ചെയ്യാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവസാന ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയും പ്രചാരണം നടത്തി.

1982 മുതൽ പാർട്ടികൾ മാറി ഭരിക്കുന്ന പതിവ് ആവർത്തിക്കുമെന്ന വിശ്വാസത്തിൽ, ഭാരത് ജോഡോ യാത്ര നയിക്കുന്ന മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. ഇന്നലെ സർമൗറിൽ അടക്കം പങ്കെടുത്ത എല്ലാ റാലികളിലും ബി.ജെ.പി സർക്കാരിനെ പ്രിയങ്ക കടന്നാക്രമിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പുന:സ്ഥാപിക്കുമെന്നും തൊഴിലില്ലായ്‌മ പരിഹരിക്കുമെന്നും പ്രിയങ്ക വോട്ടർമാരോട് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് മല്ലികാർജ്ജുന ഖാർഗെയും എത്തിയിരുന്നു.

ഗുജറാത്തിന് പ്രാധാന്യം നൽകിയതിനാൽ ഹിമാചലിൽ ആംആദ്‌മി പാർട്ടിയുടെ കാടിളക്കിയുള്ള പ്രചാരണമൊന്നും കണ്ടില്ല. എങ്കിലും പല സീറ്റിലും പാർട്ടി കാര്യമായ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സിംലയിലെ തിയോഗ് മണ്ഡലം കൈവശമുള്ള സി.പി.എമ്മും സീറ്റുകൂട്ടാനുള്ള ശ്രമത്തിലാണ്.