
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ ശാന്തകുമാർ സർക്കാർ അധികാരത്തിൽ വന്നശേഷം ഒരു സർക്കാരിനും ഭരണത്തുടർച്ച ലഭിക്കാത്ത സംസ്ഥാനമാണ് ഹിമാചൽ പ്രദേശ് . ഇത്തവണ ജയറാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചാൽ അതും ചരിത്രമാകും. ഹിമാചലിലെ തിരഞ്ഞെടുപ്പ് വിജയം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്കും അഭിമാനപ്രശ്നമാണ്. കാരണം നദ്ദയുടെ നാടാണ് ഹിമാചൽ.
ബി.ജെ.പിയും കോൺഗ്രസും തുല്യശക്തികളായി നിലകൊള്ളുന്ന സംസ്ഥാനവുമാണ് ഹിമാചൽ. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2.68 ലക്ഷം മാത്രമാണ്. കഴിഞ്ഞ നവംബറിൽ സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും 2017 ലെ വോട്ട് വ്യത്യാസവും ഭരണവിരുദ്ധ വികാരവുമോർത്ത് ബി.ജെ.പിക്ക് നല്ല ചങ്കിടിപ്പുണ്ട്. കഴിഞ്ഞ നവംബറിൽ നടന്ന മൂന്ന് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഒരു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി പരാജയപ്പെട്ടു.
മോദി നയിക്കുമ്പോൾ
രാഹുലിനെ കാണാനില്ല
മേല്പറഞ്ഞ ഒട്ടേറെ അനുകൂല ഘടകങ്ങളുള്ളപ്പോഴും കപ്പിത്താനില്ലാത്ത കപ്പൽ പോലെയാണ് കോൺഗ്രസ്. കോൺഗ്രസിന് വൻ പ്രതീക്ഷ നൽകി ഭാരത് ജോഡോ യാത്ര പ്രയാണം തുടരുമ്പോഴും രാഹുൽ ഗാന്ധി ഹിമാചലിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പകരം യു.പിയിൽ പോരിനിറങ്ങി എട്ട് നിലയിൽ പൊട്ടിയ കോൺഗ്രസിന്റെ പ്രചാരണം നയിച്ച പ്രിയങ്കയാണ് ഇവിടെയും പ്രചാരണരംഗത്തുണ്ടായിരുന്നത്. എന്നാൽ നല്ല പ്രതിഛായയുള്ള മുഖ്യമന്ത്രിയുണ്ടായിട്ടും ബി.ജെ.പിയുടെ പ്രചാരണം നയിച്ചത് നരേന്ദ്രമോദി തന്നെ. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും മോദിയുടെ വ്യക്തിപ്രഭാവവും വോട്ടാക്കി മാറ്റാനാണ് ബി.ജെ.പിയുടെ നീക്കം. തിരഞ്ഞെടുപ്പ് തന്ത്രത്തിലും സംഘടനാബലത്തിലും ബി.ജെ.പി മുന്നിട്ട് നിൽക്കുമ്പോൾ വീരഭദ്രസിംഗിനെപ്പോലെ തലയെടുപ്പും തന്ത്രങ്ങളുമറിയുന്ന ഒരു നേതാവിന്റെ അഭാവവും കോൺഗ്രസിനെ വല്ലാതെ ഉലച്ചിരുന്നു. വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭയാണ് പി.സി.സി പ്രസിഡന്റ്. കോൺഗ്രസിന്റെ 26 നേതാക്കളെ ഒറ്റയടിക്ക് ബി.ജെ.പിയിൽ ചേർത്ത് കോൺഗ്രസിന് വലിയ പ്രഹരം നൽകിയപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അടിത്തട്ടിൽ നല്ല പ്രവർത്തനം നടത്താൻ കഴിയുന്നത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. പഞ്ചാബിലെ വിജയത്തിന്റെ ശക്തിയിൽ കാടിളക്കി പ്രചരണവുമായെത്തിയ ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുപ്പ് ചിത്രത്തിലേ കാണാനാകാത്ത നിലയിലാണ്. ഇതും കോൺഗ്രസിന് അനുകൂല ഘടകം തന്നെ. വിമതരാണ് ഇക്കുറി തിരഞ്ഞെടുപ്പ് വിജയം തീരുമാനിക്കുന്ന മറ്റൊരു ഘടകം. ഇരുപാർട്ടികൾക്കും വിമതർ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ബി.ജെ.പിയിലാണ് വിമത ശബ്ദം കൂടുതലുയർന്നത്. 20 വിമതന്മാർ ബി.ജെ.പിക്ക് ഭീഷണിയായി രംഗത്തുണ്ട്.
അഭിപ്രായ സർവേയിൽ
ബി.ജെ.പി
ഒട്ടേറെ പ്രതികൂല ഘടകങ്ങളുള്ളപ്പോഴും പുറത്തുവന്ന അഭിപ്രായ സർവേകളിലെല്ലാം ബി.ജെ.പിക്ക് തുടർഭരണം ലഭിക്കുമെന്നാണ് പ്രവചനം. റിപ്പബ്ലിക് - പി.മാർക്ക് (37-45),എ.ബി.പി- സി. വോട്ടർ (31-39), ഇന്ത്യ ടി.വി - മാട്രിസ്(41) എന്നിങ്ങനെയാണ് പ്രവചനഫലം.
കക്ഷി നില - 2017
ആകെ സീറ്റ് - 68
ബി.ജെ.പി - 44
കോൺഗ്രസ് - 21
സി.പി.എം - 1
സ്വതന്ത്രർ - 2
ഉപതിരഞ്ഞെടുപ്പ് ഫലം, കാലുമാറ്റം എന്നിവയ്‌ക്ക് ശേഷം
ബി.ജെ.പി - 45
കോൺഗ്രസ് - 22
സി.പി.എം - 1