nalini

അപ്പീൽ നൽകുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് മുപ്പത് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന നളിനിയും ഭർത്താവ് മുരുകനും ഉൾപ്പെടെ ആറ് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം,അപ്പീൽ നൽകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

നളിനി ശ്രീഹരൻ, ശ്രീഹരൻ എന്ന മുരുകൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, സുതേന്തിര രാജ എന്ന ശാന്തൻ, എന്നിവരാണ് മോചിതരാവുന്നത്.

കൂട്ടുപ്രതി പേരറിവാളനെ മേയ് 18ന് സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. ആ ഉത്തരവ് മറ്റു പ്രതികൾക്കും ബാധകമാണെന്ന് ജസ്റ്റിസ് ബി. ആർ. ഗവായിയും ജസ്റ്റിസ് ബി. വി നാഗരത്നയും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികൾ മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കിടന്നെന്നും ജയിലിൽ അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും സ്ത്രീയെന്ന പരിഗണന നളിനിക്ക് നൽകുകയാണെന്നും കോടതി വ്യക്തമാക്കി. (നളിനി 30 വ‍ർഷവും നാല് മാസവും 25 ദിവസവുമാണ് ജയിലിൽ കിടന്നത് )​


ഗവർണർ അടയിരുന്നു

പ്രതികളെ വിട്ടയയ്‌ക്കാൻ തമിഴ്നാട് മന്ത്രിസഭ 2018 സെപ്തംബറിൽ ശുപാർശ നൽകിയിട്ടും ഗവർണർ രണ്ടര വർഷം നടപടി എടുത്തില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ശുപാർശ ഗവർണർ രാഷ്‌ട്രപതിക്ക് വിടുകയും ചെയ്തു. കാലഹരണപ്പെട്ട ടാഡ നിയമപ്രകാരമുള്ള ശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതാണ്. മോചിപ്പിക്കാനുള്ള മന്ത്രിസഭയുടെ ഉപദേശം പാലിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മോചനത്തിന്റെ വഴികൾ

ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരം പ്രയോഗിച്ചാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചത്. സർക്കാരിന്റെ ശുപാർശയിൽ ഗവർണർ രണ്ടര വർഷവും രാഷ്ട്രപതി ഒരു വർഷവും ഒൻപത് മാസവും തീരുമാനമെടുക്കാതിരുന്ന പശ്ചാത്തലത്തിലാണ് സവിശേഷാധികാരം പ്രയോഗിച്ചത്. പിന്നാലെ നളിനിയും പി. രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽകിയെങ്കിലും 142ാം വകുപ്പ് പ്രയോഗിക്കാൻ അധികാരമില്ലെന്ന് കാട്ടി തള്ളി. ആറ് പ്രതികളും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിലാണ് പുതിയ വിധി.

കേസിന്റെ നാൾവഴി

# 1991 മേയ് 21ന് ശ്രീപെരുംപുത്തൂരിൽ എൽ.ടി.ടി.ഇയുടെ വനിതാ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.

#1991 ആഗസ്റ്റിൽ സൂത്രധാരൻ ശിവരശനും ആറ് പേരും ബംഗളുരുവിലെ ഒളിയിടത്തിൽ ജീവനൊടുക്കി

# 1998 ജനുവരിയിൽ ടാഡ കോടതി 25 പ്രതികൾക്ക് വധശിക്ഷ വിധിച്ചു.

# 1999 മേയ് 11ന് മേൽക്കോടതി വധശിക്ഷ ശരിവച്ചു.

# സുപ്രീംകോടതിയിൽ അപ്പീൽ. ജസ്റ്റിസ് കെ.ടി തോമസിന്റെ ബെഞ്ച് 18 പേരെ വെറുതേ വിട്ടു. പേരറിവാളൻ, ശ്രീഹരൻ, ശാന്തൻ, നളിനി എന്നിവരുടെ വധശിക്ഷ ശരിവച്ചു.

# 2014 ഫെബ്രുവരി 18 ന് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി

# 2018ൽ എ. ഡി.എം.കെ സർക്കാർ ഏഴ് പ്രതികളെയും മോചിപ്പിക്കാൻ ശുപാർശ ചെയ്തെങ്കിലും ഗവർണർ വിസമ്മതിച്ചു.

#ഇക്കൊല്ലം മേയ് 18ന് പേരറിവാളനെ സുപ്രീംകോടതി മോചിപ്പിച്ചു.