ന്യൂഡൽഹി: വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചെന്ന അയൽവാസിയുടെ പരാതിയിലുള്ള കേസിൽ കേരള ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി തിരുവനന്തപുരം കൊപ്രക്കൂട് ആനത്തലവട്ടം സ്വദേശി കനകന് മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
സ്വത്ത് തർക്കത്തിന്റെ പേരിൽ കനകനും മകനും അതിക്രമിച്ച് കയറി ഇരുമ്പുവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് അയൽവാസിയുടെ പരാതി. എഫ്.ഐ.ആറിൽ മരത്തടി ഉപയോഗിച്ചാണ് അടിച്ചതെന്ന് വ്യക്തമാക്കുന്നുണ്ടെന്ന കനകന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. കേസിലെ മുഴുവൻ വസ്തുതകളും പരിഗണിച്ച് കേരള ഹൈക്കോടതി വിധി അസാധുവാക്കിയ സുപ്രീം കോടതി മുൻകൂർ ജാമ്യ ഉത്തരവ് പാലിക്കാൻ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിക്ക് നിർദ്ദേശം നൽകി.