congress-man

ന്യൂഡൽഹി: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്നാക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രിക. പത്ത് ലക്ഷം തൊഴിൽ, സർക്കാർ ജോലികളിൽ സ്‌ത്രീകൾക്ക് 50% സംവരണം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്‌ദാനങ്ങളും ഉണ്ട്.

ആദ്യ മന്ത്രിസഭാ യോഗത്തിൽ വാഗ്‌ദാനങ്ങൾ നടപ്പാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പറഞ്ഞു. ബി.ജെ.പി സർക്കാർ അഴിമതി വ്യാപകമാക്കി. കോൺഗ്രസ് വന്നാൽ 27 വർഷത്തെ അഴിമതി അന്വേഷിച്ച് കുറ്റവാളികളെ അകത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൻഘോഷണ പത്രം എന്ന പേരിലാണ് പ്രകടനപത്രിക.

പ്രധാന വാഗ്ദാനങ്ങൾ:
10 ലക്ഷം തൊഴിൽ

സ്ത്രീകൾക്ക് 50% ജോലി സംവരണം

കരാർ സമ്പ്രദായം അവസാനിപ്പിക്കും

തൊഴിൽരഹിത യുവാക്കൾക്ക് മാസം 3,000 രൂപ

പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കും

കൊവിഡിൽ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ജോലി.

സ്ത്രീകൾക്കും വിധവകൾക്കും വൃദ്ധർക്കും മാസം 2,000 രൂപ

3000 സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ

പെൺകുട്ടികൾക്ക് പി. ജി വരെ സൗജന്യ വിദ്യാഭ്യാസം

 3 ലക്ഷം രൂപ വരെ കാർഷിക കടം എഴുതിത്തള്ളും

300 യൂണിറ്റ് വൈദ്യുതി സൗജന്യം.

500 രൂപയ്‌ക്ക് ഗാർഹിക സിലിണ്ടർ

10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ

5 ലക്ഷം രൂപ വരെ മരുന്ന് സൗജന്യം

4 ലക്ഷം രൂപ കൊവിഡ് നഷ്‌ടപരിഹാരം

ബി.ജെ.പിയുടെ രണ്ടാം പട്ടിക

രണ്ട് വനിതകൾ അടക്കം ആറ് സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബി.ജെ.പി പുറത്തിറക്കി. മഹേന്ദ്രഭായ് പദാലിയ (ധോരാജി), മുലുഭായ് ബേര (ഖംഭാലി) എന്നിവരാണ് വനിതകൾ. ദേലിബെൻ മാൽദേ ഭായ് ഒഡെദര (കുടിയാന), സേജൽ രാജീവ് കുമാർ പാണ്ഡ്യ (ഭാവ്‌നഗർ ഈസ്റ്റ്), ഹിതേഷ് ദേവ്ജി വാസവ (ദെദിയാപദ), സന്ദീപ് ദേശായി (ചോര്യാസി) എന്നിവരും പട്ടികയിലുണ്ട്.
160 പേരുടെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.