
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 65.92 ശതമാനം പോളിംഗ്. 2017ൽ 74.6 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് സമാധാന പരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഗുജറാത്തിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
ആവേശത്തോടെ വോട്ടു ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചെങ്കിലും കടുത്ത മഞ്ഞുവീഴ്‌ച മൂലം മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയത്. മഞ്ഞുമൂടിയ സ്‌പിതി, ലാഹൗൾ തുടങ്ങിയ മേഖലകളിൽ രാവിലെ ബൂത്തുകളിൽ ആളുകൾ കുറവായിരുന്നു. എന്നാൽ വെയിലുദിച്ചതോടെ വോട്ടിംഗ് കൂടി. വൈകിട്ട് മൂന്നു മണിക്ക് 55ശതമാനമായിരുന്നു പോളിംഗ്.
മുഖ്യമന്ത്രി ജയ്റാം താക്കൂറും കുടുംബവും മണ്ഡിയിൽ വോട്ടിട്ടു. ഹമീർപൂരിൽ മുൻമുഖ്യമന്ത്രി പ്രേംകുമാർ ധുമാൽ, മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനൊപ്പം വോട്ടിട്ടു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്ക് ബിലാസ്‌പൂരിലായിരുന്നു വോട്ട്. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വീരഭദ്ര സിംഗിന്റെ ഭാര്യയും പി.സി.സി അദ്ധ്യക്ഷയുമായ പ്രതിഭാ സിംഗും മകനും എം.എൽ.എയുമായ വിക്രമാദിത്യസിംഗും രാംപൂരിലും മുതിർന്ന നേതാവ് ആനന്ദ് ശർമ്മ സിംലയിലും നിയമസഭാകക്ഷി നേതാവ് മുകേഷ് അഗ്‌നിഹോത്രി ഹരോളിയിലും വോട്ടു ചെയ്‌തു. മഞ്ഞുമൂടിയ മലനിരകളിലൂടെ കിലോമീറ്ററുകളോളം നടന്നാണ് നിരവധി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
താരമായി നരോ ദേവി
ചമ്പ ജില്ലയിലെ ചുര അസംബ്ലി മണ്ഡലത്തിലെ ലധാൻ പോളിംഗ് ബൂത്തിൽ 14 കിലോ മീറ്റർ നടന്നെത്തി വോട്ടിട്ട 105 കാരി നരോ ദേവിയായിരുന്നു ഇന്നലത്തെ താരം. തപാൽ ബാലറ്റ് സൗകര്യം ഇവർ നിരസിച്ചിരുന്നു.