
ന്യൂഡൽഹി: കോടതിയിൽ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിനെതിരെ അഭിഭാഷകൻ ഗുവാഹത്തി ഹൈക്കോടതിയിൽ ഹർജി നൽകി. നിരീശ്വരവാദിയോ അവിശ്വാസിയോ ആയ ആളെ ഇതിന് നിർബന്ധിക്കുന്നതിൽ അനൗചിത്യമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യത്തിന് തടസം നിൽക്കുന്നതാണെന്ന് അഭിഭാഷകൻ ഫസ്ലുസ്സമാൻ മസുംദാർ നൽകിയ ഹർജി ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും മതത്തിലോ അതിമാനുഷികമായ ശക്തിയിലോ വിശ്വസിക്കാതിരിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പ് നൽകുന്നതെന്നും അഭിഭാഷകൻ ഹർജിയിൽ വ്യക്തമാക്കി.