development

ന്യൂഡൽഹി: അതിവേഗം വളരുന്ന നഗര ജനസംഖ്യയുടെ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റാൻ 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 84000 കോടി ഡോളറോ പ്രതിവർഷം ശരാശരി 5,500 കോടി ഡോളറോ (4.46 ലക്ഷം കോടി രൂപ) നിക്ഷേപിക്കണമെന്ന് ലോകബാങ്കിന്റെ നിർദ്ദേശം. ഇതിനായി സ്വകാര്യ നിക്ഷേപങ്ങൾ ആർജ്ജിക്കണം. നിലവിൽ പ്രതിവർഷ നിക്ഷേപം 1.3 ലക്ഷം കോടിയാണ്. നഗരങ്ങളിലെ സർവീസ് ചാർജ്ജടക്കം കൂട്ടി കൂടുതൽ വരുമാനം കണ്ടെത്തണമെന്നും സ്വകാര്യ - വാണിജ്യ നിക്ഷേപങ്ങളുടെ അനിവാര്യത വിശദീകരിക്കുന്ന ലോകബാങ്ക് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

2036ൽ നഗര ജനസംഖ്യ 60000 കോടിയായി (ജനസംഖ്യയുടെ 40 ശതമാനം) വർദ്ധിക്കും. അതിനാൽ കുടിവെള്ളം, വൈദ്യുതി, സുരക്ഷിതമായ റോഡ് ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വെല്ലുവിളിയാകുമെന്ന് റിപ്പോർട്ട് പറയുന്നു. നിലവിൽ നഗര അടിസ്ഥാന സൗകര്യങ്ങളുടെ 75 ശതമാനത്തിൽ കൂടുതൽ ധനസഹായം കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ 15 ശതമാനം ധനസഹായവും നൽകുന്നു. 5 ശതമാനം മാത്രമാണ് സ്വകാര്യ സ്രോതസിലൂടെ ലഭിക്കുന്നത്. നഗര ജീവിത നിലവാരം ഉയർത്താൻ സ്വകാര്യ മേഖലയിൽ നിന്നുള്ള സഹായം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകബാങ്ക് റിപ്പോർട്ടിലെ ശുപാർശകൾ

 കുടിവെള്ള വിതരണം, അഴുക്കുചാൽ സംവിധാനം തുടങ്ങിയവയ്‌ക്ക് സർവീസ് ചാർജ്ജ്

 കെട്ടിട നികുതി, യൂസേഴ്‌സ് ഫീ, സർവീസ് ചാർജ്ജുകൾ എന്നിവ കൂട്ടി വരുമാനം കണ്ടെത്തണം

 നികുതി ഘടന പരിഷ്‌കരിക്കുക

 സ്വകാര്യ നിക്ഷേപങ്ങൾ ആർജ്ജിക്കണം

 നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം- 75 %

 തദ്ദേശ സ്ഥാപനങ്ങൾ- 15 %

 സ്വകാര്യ സ്രോതസുകൾ- 5 %

വേണ്ടത് കോടികളുടെ നിക്ഷേപം

 15 വർഷത്തിനകം വേണ്ട നിക്ഷേപം- 84000 കോടി ഡോളർ

 പ്രതിവർഷം വേണ്ട ശരാശരി നിക്ഷേപം- 5,500 കോടി ഡോളർ (4.46 ലക്ഷം കോടി രൂപ)

 നിലവിലുള്ള പ്രതിവർഷ നിക്ഷേപം- 1.3 ലക്ഷം കോടി

 2036ൽ പ്രതീക്ഷിക്കുന്ന നഗര ജനസംഖ്യ- 600 ദശലക്ഷം

 വർദ്ധിക്കുന്ന ജനസംഖ്യ- 40 %

'ഇന്ത്യൻ നഗരങ്ങളിൽ പരിസ്ഥിതി സൗഹൃദവും സ്മാർട്ടുമായ സുസ്ഥിര നഗരവത്കരണം പ്രോത്സാഹിപ്പിക്കാൻ വലിയ ധനസഹായം ആവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക്, സ്വകാര്യ മേഖലയിൽ നിന്ന് വായ്പയെടുക്കാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. വർദ്ധിക്കുന്ന ജനസംഖ്യയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതുവഴി കഴിയും".

- അഗസ്റ്റെ ടാനോ കൗമെ, ലോക ബാങ്ക് കൺട്രി ഡയറക്‌ടർ, ഇന്ത്യ