ന്യൂഡൽഹി:നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതു തടഞ്ഞില്ലെങ്കിൽ രാജ്യത്ത് വളരെ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. നിർബന്ധിത മതപരിവർത്തനം തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് ഈ മാസം 22നകം കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം.ഇത് 28ന് കോടതി പരിഗണിക്കും. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും മന്ത്രവാദവും അന്ധവിശ്വാസവും തടയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാദ്ധ്യായ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ നിരീക്ഷണം.
മതം മാറാനുള്ള അവകാശം ഭരണഘടനാദത്തമാണെന്നും എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താൻ ആർക്കും ഭരണഘടന അവകാശം നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവർക്കും മതസ്വാതന്ത്ര്യമുണ്ടെങ്കിലും ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനം സാദ്ധ്യമല്ല.
ആളുകളെ വഞ്ചനയിൽപ്പെടുത്തിയുള്ള മതപരിവർത്തനം രാജ്യത്തുടനീളം നടക്കുകയാണെന്നും ഈ ഭീഷണി നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും അശ്വനി കുമാർ ഉപാദ്ധ്യായ ഹർജിയിൽ ചൂണ്ടിക്കാട്ടി.
നിർബന്ധിത മതപരിവർത്തനങ്ങളുടെ ഇരകൾ സാമൂഹ്യമായും സാമ്പത്തികമായും താഴെത്തട്ടിലുള്ള കീഴാളരായ ജനവിഭാഗങ്ങളാണ്. പ്രത്യേകിച്ച് ,പട്ടിക ജാതി - വർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർ. ഇത് ഭരണഘടനയുടെ 14,21,25 അനുച്ഛേദങ്ങളെ മുറിപ്പെടുത്തുകയാണെന്നും ഭരണഘടനയുടെ അവിഭാജ്യ ഘടകമായ മതേതരത്വത്തിന് എതിരാണെന്നും ഹർജിയിൽ വാദിച്ചു.
ഗോത്രവർഗ്ഗ മേഖലകളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇത് തടയുന്നതിനായി മദ്ധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ സംസ്ഥാന നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾ ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും എസ്.ജി പറഞ്ഞു. ഒരു മതത്തിലേക്ക് മാറാനായി ആളുകൾക്ക് അരിയും ഗോതമ്പും നൽകുന്ന ഉദാഹരണങ്ങളുണ്ട്. ഇത് ആദിവാസി മേഖലകളിൽ വ്യാപകമാണ്. എസ്. ജി തുഷാർ മേത്ത ചൂണ്ടിക്കാട്ടി.