
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 22 ന് ഗുജറാത്തിൽ പ്രചാരണം നടത്തും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഹിമാചൽ പ്രദേശ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നത് വിമർശനത്തിനിടയാക്കിയിരുന്നു. അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും പ്രിയങ്കാ ഗാന്ധിയുമാണ് ഹിമാചലിൽ പ്രചാരണം നയിച്ചത്.
ഗുജറാത്തിൽ ആംആദ്‌മി പാർട്ടി പ്രചാരണത്തിൽ ഏറെ മുന്നേറിയപ്പോഴും കോൺഗ്രസ് പിന്നാക്കമാണെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിനെ കോൺഗ്രസ് പ്രചാരണത്തിനിറക്കുന്നത്. ഡിസംബർ ഒന്ന്, അഞ്ച് തിയതികളിൽ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് 142 സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചു.
അടുത്ത ദിവസങ്ങളിൽ പാർട്ടികളെല്ലാം പ്രമുഖ നേതാക്കളെ ഇറക്കി റാലികളുമായി പ്രചാരണം കൊഴുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നിൽ നിറുത്തിയുള്ള പ്രചാരണമാണ് ആസൂത്രണം ചെയ്യുന്നത്. അമിത് ഷാ അടക്കം പ്രമുഖ നേതാക്കളുമെത്തും.
ബി.ജെ.പി സിറ്റിംഗ് എം.പി സ്വതന്ത്രൻ
ഗുജറാത്തിലെ വഗോഡിയയിൽ നിന്ന് ആറ് തവണ ജയിച്ച മധുഭായ് ശ്രീവാസ്തവ് ഇക്കുറി സ്വതന്ത്രനായി മത്സരിക്കും. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണിത്. മേഖലയിൽ നല്ല സ്വാധീനമുള്ള മധുഭായി ബാഹുബലി എന്നാണ് അറിയപ്പെടുന്നത്. 2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. മുമ്പ് കോൺഗ്രസ്, ജനതാദൾ പാർട്ടികളിലും പ്രവർത്തിച്ചിട്ടുള്ള മധുഭായ് 1995ൽ സ്വതന്ത്രനായി ജയിച്ച നേതാവാണ്.
പ്രധാനമന്ത്രി മോദിയുമായും ഷായുമായും തനിക്ക് നേരിട്ട് ബന്ധമുണ്ടെങ്കിലും സീറ്റ് നിഷേധിച്ചതിന് ശേഷം അവരോട് സംസാരിച്ചിട്ടില്ലെന്ന് മധുഭായ് പറഞ്ഞു. 1995ൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മോദിയും അമിത് ഷായും അഭ്യർത്ഥിച്ചിട്ടാണ് ബി.ജെ.പിയിൽ ചേർന്നത്. തനിക്ക് പകരം പാർട്ടി സീറ്റു നൽകിയ വഡോദര ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അശ്വിൻ പട്ടേൽ ഒരു പ്രാദേശിക തിരഞ്ഞെടുപ്പിൽ പോലും വിജയിച്ചിട്ടില്ലെന്നും മധുഭായ് പറഞ്ഞു. ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക പ്രകാരം അഞ്ച് മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ 38 സിറ്റിംഗ് എം.എൽ.എമാരെ ബി.ജെ.പി ഒഴിവാക്കി.